'ഞങ്ങൾ ഒറ്റക്കായിരുന്നു, ശബ്ദമോ വെളിച്ചമോ ഇല്ലാതെ..'; ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവിനെ ഒറ്റയ്ക്ക് സംസ്‌കരിക്കേണ്ടി വന്ന ഫലസ്തീൻ വനിത

ഇസ്രായേൽ സൈന്യം മാർച്ചിൽ റഫയിൽ വീണ്ടും അധിനിവേശം നടത്തി പൂർണ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അസീസയുടെ കുട്ടികളടക്കം ആളുകളെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറുകയായിരുന്നു. എന്നാൽ ഇബ്രാഹീം വീട് വിട്ട് പോകാൻ കൂട്ടാക്കിയില്ല.

Update: 2025-06-03 04:53 GMT

ഗസ്സ: ഇസ്രായേൽ മിസൈലുകളുമായി ഗസ്സ ആക്രമിക്കുന്നതിനിടയിൽ അസീസ ഖിഷ്ത്വ തെക്കൻ ഗസ്സയിലെ തകർന്ന പൂന്തോട്ടത്തിൽ ഒരു ഖബർ കുഴിക്കുകയായിരുന്നു. തകർന്നടിഞ്ഞ ഗസ്സയിലെ പൂന്തോട്ടത്തിൽ ഒറ്റയ്ക്ക്, തന്റെ കൈ ഉപയോഗിച്ച് ഭർത്താവിനു വേണ്ടി ആ വനിതയൊരു ഖബറൊരുക്കി. വെള്ളത്തുണിയിൽ കഫൻ ചെയ്ത് പള്ളിയിൽ കൂട്ടമായ പ്രാർഥനയ്ക്കു ശേഷം ഖബറടക്കേണ്ട ഇബ്രാഹീം ഖിഷ്ത്വയെ ജനാലയുടെ കർട്ടനിൽ പൊതിഞ്ഞാണ് മണ്ണോടു ചേർത്തത്.

റഫയിലേക്ക് ഇസ്രായേൽ നടത്തിയ സൈനിക കടന്നുകയറ്റത്തിനിടെയുണ്ടായ ആക്രമണത്തിലാണ് കഴുത്തിൽ മിസൈലിന്റെ കഷ്ണങ്ങൾ തറച്ച് 70കാരനായ ഇബ്രാഹീം ഖിഷ്ത്വ കൊല്ലപ്പെട്ടത്.

Advertising
Advertising

ഖിർബത്ത് അൽ അദാസിലെ വീട്ടിൽ ഏതു നിമിഷവും തീർന്നേക്കാവുന്ന ഭക്ഷ്യസാധനങ്ങളുമായി രണ്ട് മാസമാണ് നഗരത്തിലെ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങൾക്കും ഷെല്ലിങ്ങിനുമിടയിൽ ഈ വൃദ്ധ ദമ്പതികൾ കുടുങ്ങിക്കിടന്നത്. അയൽവാസികളടക്കമുള്ളവർ മാറിപ്പോയിട്ടും ഇബ്രാഹീം പോകാൻ വിസമ്മതിച്ചു. ഭർത്താവില്ലാതെ പോകാൻ അസീസയും തയാറായില്ല.

ഭക്ഷണമോ വെള്ളമോ ഇല്ല, ചുറ്റിലും മിസൈലുകളും വെടിയൊച്ചകളും മാത്രം: വൃദ്ധ ദമ്പതികൾ കുടുങ്ങിക്കിടന്നത് രണ്ടു മാസം

ഇസ്രായേൽ സൈന്യം മാർച്ചിൽ റഫയിൽ വീണ്ടും അധിനിവേശം നടത്തി പൂർണ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അസീസയുടെ കുട്ടികളടക്കം ആളുകളെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറുകയായിരുന്നു. എന്നാൽ ഇബ്രാഹീം വീട് വിട്ട് പോകാൻ കൂട്ടാക്കിയില്ല.

'കാഴ്ച നഷ്ടപ്പെട്ടതിനാൽ ഒറ്റയ്ക്കു കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. ഞാൻ ഈ വീടു വിട്ടെങ്ങോട്ടുമില്ല, നീ എന്റെ കൂടെ നിൽക്കണമെന്നാണ് അദ്ദേഹമെന്നോട് പറഞ്ഞത്. 50 വർഷം ഒന്നിച്ചു താമസിച്ച നിങ്ങളെ വിട്ട് ഞാനെങ്ങോട്ട് പോകാനാണെന്ന് ഞാൻ മറുപടി നൽകി' അസീസ വിശദീകരിക്കുന്നു.

പുറത്തിറങ്ങുകയെന്നത് അസാധ്യം. നേരത്തെ സ്വരുക്കൂട്ടി വെച്ച ടിന്നിലടച്ച ഭക്ഷണങ്ങളും, ബീൻസ്, അരി, ജാം, പയർ, പാസ്ത തുടങ്ങിയവയുമായിരുന്നു ആശ്രയം. അതും ഏത് നിമിഷം വേണമെങ്കിലും തീർന്നേക്കാവുന്ന സ്ഥിതി. വല്ലപ്പോഴും സാധിക്കുമ്പോൾ അടുത്ത കെട്ടിടത്തിൽ നിന്നും വെള്ളമെടുക്കും.

'രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ചുറ്റിലും ഷെല്ലിങ്ങുകൾ നടന്നു കൊണ്ടേയിരുന്നു. കിഴക്കും, വടക്കും, പടിഞ്ഞാറും ആക്രമണങ്ങൾ മാത്രം. പടിഞ്ഞാറു നിന്നായിരുന്നു ആക്രമണങ്ങളേറ്റവും കൂടുതൽ'.

'അനങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. വെടിയൊച്ചകളും ടാങ്കുകളുടെ ശബ്ദവും നിലച്ചിട്ടേയില്ല.'

തൊട്ടപ്പുറത്തുള്ള മകന്റെ വീടിന് മുകളിൽ ബോംബ് വീണ് തകർന്നപ്പോയും വീടു വിട്ട് പോകാൻ ഭർത്താവോ, ഭർത്താവിനെ വിട്ടുപോകാൻ അസീസയോ തയാറായില്ല. അടുത്തായി താമസിക്കുന്ന ബന്ധുവീടുകളും ആക്രമണത്തിൽ തകർന്നിരുന്നു. പത്തോളം വരുന്ന ബന്ധുക്കൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണെന്ന കാര്യം വേദനയോടെ അസീസ ഓർത്തെടുത്തു.

'പെട്ടന്നാണ് ഒരു ദിവസം വലിയ ശബ്ദത്തോടെ കെട്ടിടത്തിന്റെ ഇരുമ്പു ഗേറ്റിൽ സ്‌ഫോടനമുണ്ടാകുന്നത്. വീടു മുഴുവൻ പൊടി നിറഞ്ഞു, കാഴ്ച മറഞ്ഞു. ചുറ്റിലുമുള്ള വീടുകളെല്ലാം തകർന്ന് തരിപ്പണമായിരുന്നു. ഒരു മുറിയും ബാത്ത്‌റൂമും മാത്രമാണ് ബാക്കിയായത്. കഴുത്തിൽ നിന്നും ചോരയൊലിച്ചു നിൽക്കുന്ന ഭർത്താവ്...'

കൂർത്ത കഷ്ണങ്ങൾ തട്ടിയുണ്ടായ മുറിവിൽ മരുന്നു വെച്ചു കെട്ടി, മുഖം കഴുകി, വാരിയെടുത്ത് തോളിൽ ചേർത്ത് അസീസയിറങ്ങി. തന്നേക്കാൾ ഭാരമുള്ള ഇബ്രാഹീമിനപ്പോൾ ഭാരമേയില്ലെന്ന് അസീസയ്ക്കു തോന്നി. ' സഹായത്തിന് ആരുമുണ്ടായിരുന്നില്ല, പതുക്കെയാണ് ഞങ്ങൾ നീങ്ങിയത്. ഇബ്രാഹീമിന് വിശ്രമിക്കാൻ ഇടയിൽ നിർത്തി നിർത്തിയാണ് ഞാൻ നടന്നത്.'

അഞ്ചു മണിക്കൂറോളം രക്തം വാർന്നാണ് ഇബ്രാഹീം മരണമടഞ്ഞത്. 'ഞങ്ങൾ ഒറ്റയ്ക്കായിരുന്നു, ശബ്ദമോ വെളിച്ചമോ ഇല്ലാതെ.'

ഒടുവിൽ അസീസ തനിച്ച്...

ബന്ധുവിന്റെ വീട്ടിലെത്തിയാണ് അസീസ ഇബ്രാഹീമിനെ താഴെ ഇറക്കിയത്. ഭക്ഷണം വല്ലതും നൽകാമെന്നു പറഞ്ഞെങ്കിലും ഇബ്രാഹീം വേണ്ടെന്നു പറഞ്ഞു. ' ഒരു സ്പൂൺ തേനും വെള്ളവും മാത്രമാണ് ഇബ്രാഹീം ആവശ്യപ്പെട്ടത്. എന്റെ തലയിലേക്കിത്തിരി വെള്ളമൊഴിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.'

കണ്ണിമ വെട്ടാതെ അസീസ ഇബ്രാഹീമിന് കൂട്ടിരുന്നു. ഇടതു കൈ വിറക്കുന്നത് കണ്ട് തടവാൻ തുനിഞ്ഞപ്പോൾ ഇബ്രാഹീം തടഞ്ഞു. പെട്ടന്നാണത് നിലച്ചത്, മുഖത്തേക്ക് നോക്കിയപ്പോൾ ഇബ്രാഹീമിന്റെ ജീവൻ നിലച്ചിരുന്നു. പട്ടാളക്കാർ ആരും തന്നെ ചുറ്റിലുമുണ്ടായിരുന്നില്ല. 'അവർ വന്ന് ബോംബിട്ട് മടങ്ങും.'

പൂന്തോട്ടത്തിൽ പ്രിയതമന് അന്ത്യവിശ്രമം കൊള്ളാൻ ഇടം പരതിയ അസീസക്ക്‌ ഒലീവു മരത്തിനരികിലായി ഒരു കുഞ്ഞു കുഴി കണ്ണിലുടക്കി. ജനാലയുടെ കർട്ടനിൽ മൃതദേഹം പൊതിഞ്ഞ് കുഴിയിലേക്കു വെച്ചു. ആദ്യം സിങ്ക് ഷീറ്റു കൊണ്ടും, അതിനു മുകളിലായി മരത്തടികളും പിന്നീട് മണ്ണു കൊണ്ടും മൂടിയാണ് ഖബറടക്കിയത്. 'നിശബ്ദമായി കരഞ്ഞു കൊണ്ട് ഞാൻ തിരിച്ചു പോന്നു.'

'വീട്ടിലെത്തി കുളിച്ച് രണ്ട് മാസത്തിനു ശേഷം ആദ്യമായി കനത്ത ക്ഷീണം കാരണം ഞാൻ ഗാഢമായി ഉറങ്ങി.' മേയ് 10നാണ് ഇബ്രാഹീം കൊല്ലപ്പെട്ടത്. രണ്ടാഴ്ചയോളം ആ വീട്ടിൽ അസീസ ഒറ്റയ്ക്കു കഴിഞ്ഞു. മേയ് 24 ന് അവസാന തുള്ളി വെള്ളവും ഭക്ഷണവും തീർന്നതോടെ വീടുവിട്ടിറങ്ങാൻ നിർബന്ധിതയായി. അന്ന് ഡ്രോണുകളുടെ മൂളിച്ചയും, വെടിയൊച്ചയും കേൾക്കുന്നുണ്ടായിരുന്നു. ഭർത്താവിന്റെ ഖബറിനു മുകളിൽ ബോംബിട്ടിരിക്കാമെന്ന് അസീസ ഭയപ്പെട്ടു. നേരം പുലർന്നപ്പോൾ ആദ്യം ചെയ്തത് ഖബറടക്കിയ സ്ഥലം പരിശോധിക്കുകയാണ്. തല പുറത്തേക്കായ നിലയിലുള്ള ഭർത്താവിന്റെ മൃതദേഹമാണ് അസീസയെ വരവേറ്റത്.

'എന്റെ ഹൃദയം തകർന്നുപോയി, തല കൈയിലേക്കെടുത്തപ്പോൾ ഒരു കഷ്ണം ബ്രെഡിന്റെ ഭാരം പോലുമുണ്ടായിരുന്നില്ല. കുഴി ഒന്നുകൂടി ആഴത്തിൽ എടുത്ത് പുതിയൊരു കഷ്ണം സിങ്കും മരക്കഷ്ണവും കൊണ്ട് മൂടി ഞാനതവിടെ തിരിച്ചു വെച്ചു.' വേദനയും ക്ഷമയും അല്ലാത്തതൊന്നും അസീസക്കപ്പോൾ തോന്നിയില്ല.

വെള്ളത്തുണി ചുറ്റിയ വടിയും രണ്ട് കുഞ്ഞ് ബാഗും കൈയ്യിലെടുത്ത് ഇസ്രായേലിന്റെ മിലിട്ടറി ചെക്‌പോസ്റ്റിലേക്ക് നടന്ന അസീസക്ക് പൊട്ടിയൊലിക്കുന്ന ഒരു കുപ്പിവെള്ളം സൈനികർ എറിഞ്ഞുകൊടുത്തു. മരുന്നുകളും വസ്ത്രവുമടങ്ങിയ ബാഗ് പരിശോധിച്ച സൈനികർ ഫോട്ടോയെടുക്കാൻ തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ച അസീഫക്കു നേരെ ഇരുപതോളം വരുന്ന സൈനികർ തോക്കുകൾ ചൂണ്ടി. കൊന്നു കളയുമെന്ന ഭീഷണിക്കു മുമ്പിൽ വീണ്ടും ഹൃദയം തകർന്ന് അസീഫ തന്റെ തട്ടമഴിച്ചു.

പത്തു മിനുട്ടോളം  നടത്തിയ ശേഷം അസീസയെ സേന മർജിൽ ഉപേക്ഷിച്ചു. നാലു മണിക്കൂറോളം വഴിയറിയാതെ അലഞ്ഞ അസീഫയ്ക്ക് വഴിയിൽ കണ്ട നാലു ചെറുപ്പക്കാരുടെ സഹായത്തോടെയാണ് കുടുംബത്തോടൊപ്പം ചേരാൻ സാധിച്ചത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News