എന്തുകൊണ്ടാണ് ഇസ്രായേൽ ഇറാന്റെ നതാൻസ് ആണവ കേന്ദ്രം ആവർത്തിച്ച് ലക്ഷ്യമിടുന്നത്?

ടെഹ്‌റാനിൽ നിന്ന് 300 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന നതാൻസ് ആണവ കേന്ദ്രം ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യ കേന്ദ്രമായിരുന്നു

Update: 2025-06-14 15:41 GMT

ടെഹ്‌റാൻ: ടെഹ്‌റാനിൽ നിന്ന് 300 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന നതാൻസ് ആണവ കേന്ദ്രം ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യ കേന്ദ്രമായിരുന്നു. 2012 മുതൽ ഔദ്യോഗികമായി ഷാഹിദ് അഹ്മദി റോഷൻ ആണവ കേന്ദ്രം എന്നറിയപ്പെടുന്ന നതാൻസ് ആണവ കേന്ദ്രം ഇറാന്റെ പ്രാഥമിക യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണ്. യുറേനിയം സമ്പുഷ്ടീകരണം, ഊർജ്ജ ഉൽപ്പാദനം പോലുള്ള സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് നതാൻസ് ആണവകേന്ദ്രം ഉപയോഗിക്കുന്നതെന്ന് ഇറാൻ തറപ്പിച്ചുപറയുന്നു.

നതാൻസ് ആണവ കേന്ദ്രത്തിൽ ആറ് നിലകളും മൂന്ന് ഭൂഗർഭ അറകളും ഉൾപ്പെടുന്നു. ഭൂനിരപ്പിൽ നിന്ന് 131 അടിയിലധികം താഴെയാണ് ഈ മറഞ്ഞിരിക്കുന്ന സൗകര്യങ്ങൾ. 26 അടി കനമുള്ളതായി കണക്കാക്കുന്ന സ്റ്റീലും കോൺക്രീറ്റും ചേർന്ന ഒരു ഷെൽ ഉപയോഗിച്ചാണ് ഇവ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. 2002ൽ ഇറാനിലെ പീപ്പിൾസ് മുജാഹിദീൻ ഓർഗനൈസേഷനാണ് നതാൻസ് ആണവകേന്ദ്രത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. അതിനുശേഷം ഇറാന്റെ ആണവ പദ്ധതി തടയാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രധാന ലക്ഷ്യകേന്ദ്രമായി നതാൻസ് മാറി.

Advertising
Advertising

ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന കാരണത്താൽ ഇറാൻ ആണവായുധ ശേഖരം നിർമ്മിക്കുന്നത് തടയുക എന്ന അവരുടെ ദീർഘകാല ലക്ഷ്യമാണ്. അതിനവർ ഏറ്റവും കൂടുതൽ ലക്ഷ്യംവെക്കുന്നത് നതാൻസിനെയാണ്. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമങ്ങൾ നാതൻസ് ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളായും നേരിട്ടുള്ള ബോംബ് ആക്രമണങ്ങളായും നടത്തിയിട്ടുണ്ട്. 2020ൽ ടെഹ്‌റാന് സമീപം നടത്തിയ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ സൈനിക ആണവ പദ്ധതിയുടെ ശിൽപിയായ മൊഹ്‌സെൻ ഫക്രിസാദെ പോലുള്ള ആണവ ശാസ്ത്രജ്ഞരെ ഇസ്രായേൽ പലപ്പോഴും ലക്ഷ്യം വച്ചിട്ടുണ്ട്.

2012 ജനുവരിയിൽ നതാൻസിലുള്ള ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന വ്യക്തിയായ മുസ്തഫ അഹ്മദി റോഷനെ ഇസ്രായേലും യുഎസും ചേർന്ന് കൊലപ്പെടുത്തിയതായും ഇറാൻ ആരോപിക്കുന്നു. യുഎസ് രൂപകൽപ്പന ചെയ്ത 'ബങ്കർ ബസ്റ്റർ' ബോംബുകൾക്ക് പോലും എത്തിച്ചേരാനാകാത്തവിധം ആഴമേറിയ ഭൂഗർഭ സൗകര്യങ്ങൾ നതാൻസിൽ നിർമിച്ചു കൊണ്ടാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്. പതിറ്റാണ്ടുകളായി ആയുധ-ഗ്രേഡ് യുറേനിയം ഉത്പാദിപ്പിക്കാനുള്ള ഇറാന്റെ കഴിവിനെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ഈ ആക്രമണങ്ങൾ നടത്തുന്നത്. ഇറാൻ അവരുടെ ആണവ ഇന്ധനത്തിന്റെ ഭൂരിഭാഗവും ഉൽപ്പാദിപ്പിച്ചിരുന്നത് നതാൻസ് പ്ലാന്റിലായിരുന്നു. അവസാനമുണ്ടായ ആക്രമണത്തിൽ നതാൻസിൻറെ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ കേടുപാടുകൾ ഇറാന്റെ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ വൈകിപ്പിച്ചേക്കാമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News