ചെര്‍ണോബില്‍ പിടിച്ചെടുത്ത് റഷ്യ; ആദ്യ ദിനം 137 പേർ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍
യുക്രൈന്‍ തലസ്ഥാനമായ കിയവിൽ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു
റഷ്യയുടെ ആക്രമണത്തിൽ ആദ്യദിനം 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. യുക്രൈന്‍ തലസ്ഥാനമായ കിയവിൽ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ചെർണോബിലും റഷ്യൻ സേന പിടിച്ചെടുത്തു. അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്ന് റഷ്യൻ സൈന്യം അറിയിച്ചു.
യുക്രൈന്‍റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. സൈനികര്‍ ഉള്‍പ്പെടെ 100ലധികം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. റഷ്യക്ക് തിരിച്ചടി നൽകിയെന്നും 50 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു. ചെർണോബിൽ ആണവ നിലയം ഉൾപ്പെടുന്ന മേഖലയും റഷ്യൻ സൈന്യം പിടിച്ചെടുത്തു. യുക്രൈന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യുക്രൈൻ സൈന്യത്തെ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ തലസ്ഥാനമായ കിയവിലേക്ക് കൂടുതൽ റഷ്യൻ സൈന്യത്തെ വിന്യസിക്കുന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്നും ലക്ഷ്യം നിർവഹിച്ചെന്നും റഷ്യൻ സൈന്യം അറിയിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. എന്നാൽ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി.
ഏകദേശം ഒരു ലക്ഷം യുക്രേനിയൻ പൗരൻമാർ പലായനം ചെയ്തതതായാണ് യുഎൻ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. യുക്രൈൻ അധിനിവേശത്തിനെതിരെ ലോകവ്യാപക പ്രതിഷേധവും ശക്തമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നാറ്റോ ഇന്ന് യോഗം ചേരും.