84 ലക്ഷത്തിന്റെ മേഴ്‌സിഡസ് ബെന്‍സ് വിറ്റത് വെറും 2.5 ലക്ഷത്തിന്; ഡല്‍ഹിയിലെ 'എന്‍ഡ് ഓഫ് ലൈഫ്' നയത്തില്‍ സംഭവിച്ചത്
ജനരോഷം കടുത്തതോടെ വാഹന നയം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അപ്പോഴും നിയമം പൂര്‍ണമായി ഉപേക്ഷിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ പറയുന്നില്ല
ന്യൂഡല്‍ഹി: വായു മലിനീകരണം തടയാന്‍ ലക്ഷ്യമിട്ടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ വാഹനനയം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. 'എന്‍ഡ് ഓഫ് ലൈഫ്' എന്നു പേരുള്ള നിയമത്തിനു പിന്നാലെ ലക്ഷങ്ങളുടെ മൂല്യമുള്ള ആഡംബര വാഹനങ്ങള്‍ വെറും നാമമാത്ര വിലയ്ക്ക് വില്‍ക്കേണ്ട ഗതികേടിലായിരുന്നു വാഹന ഉടമകള്‍. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡല്‍ഹിയിലെ പമ്പുകളില്‍നിന്ന് ഇന്ധനം നല്‍കുന്നത് വിലക്കുകയായിരുന്നു നിയമത്തില്‍. വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ നിയമം നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍.
എന്താണ് ഇഒഎല്‍ അല്ലെങ്കില്‍ 'എന്‍ഡ് ഓഫ് ലൈഫ്' നയം? നിയമം നടപ്പാക്കാന്‍ ഡല്‍ഹി ഭരണകൂടം പറയുന്ന ന്യായങ്ങളെന്ത്? പുതിയ വാഹനനയം എങ്ങനെയൊക്കെ സാധാരണക്കാരെ ബാധിക്കുന്നു? വിശദമായി പരിശോധിക്കാം...
എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍(സിഎക്യുഎം) ഉത്തരവ് പ്രകാരം, ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2025 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കിയ നിയമമാണ് 'എന്‍ഡ് ഓഫ് ലൈഫ്'(ഇഒഎല്‍). പഴയ വാഹനങ്ങള്‍ വന്‍ തോതിലുള്ള വിഷവാതകം പുറന്തള്ളുന്നുവെന്നായിരുന്നു സിഎക്യുഎമ്മിന്റെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
നിയമം അനുസരിച്ച്, 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും പമ്പുകളില്‍നിന്ന് ഇന്ധനം ലഭിക്കില്ല. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍(എഎന്‍പിആര്‍) കാമറകള്‍ ഉപയോഗിച്ചാണ് നിയന്ത്രണം. 2014ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍, 2018ലെ സുപ്രിംകോടതി വിധികളാണു നിയമത്തിന് ആധാരമായത്.
ഡല്‍ഹിയിലെ 422 ഇന്ധന പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ കാമറകള്‍ സ്ഥാപിച്ചാണു നിയമം നടപ്പാക്കിയത്. വാഹന്‍ ഡാറ്റാബേസിലെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ചു വാഹനങ്ങളുടെ പഴക്കം തീരുമാനിക്കും. വാഹനങ്ങള്‍ പമ്പില്‍ പ്രവേശിക്കുമ്പോള്‍ തന്നെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കാമറയില്‍ തെളിയും. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ അധികൃതര്‍ എത്തി വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊളിക്കുകയും പിഴ ചുമത്തുകയും ചെയ്യും.
ഇഒഎല്‍ നയം എങ്ങനെ ജനങ്ങളെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡല്‍ഹി സ്വദേശിയായ വരുണ്‍ വിജിന്റെ അനുഭവം. 2015ല്‍ 84 ലക്ഷം രൂപ മുടക്കി വാങ്ങിയ മേഴ്സിഡസ്-ബെന്‍സ് എംഎല്‍350 എസ്യുവി, വെറും 2.5 ലക്ഷം രൂപയ്ക്ക് വില്‍ക്കേണ്ടി വന്ന ഗതികേടിലാണ് അദ്ദേഹം. 1.35 ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയ, ഇപ്പോഴും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന ഈ വാഹനം വിജിന്റെ കുടുംബത്തിന് വൈകാരികമായും ഏറെ പ്രിയപ്പെട്ടതായിരുന്നു.
ആ നിസ്സഹായാവസ്ഥയെ കുറിച്ച് വരുണ്‍ വിജ് മാധ്യമങ്ങളോട് വേദനയോടെ വിവരിക്കുന്നുണ്ട്. ഈ കാര്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. എല്ലാ ആഴ്ചയും 7-8 മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഞാന്‍ എന്റെ മകനെ ഹോസ്റ്റലില്‍നിന്ന് കൂട്ടിക്കൊണ്ടുവരുമായിരുന്നു. കുടുംബ യാത്രകള്‍ക്കും ഈ വാഹനം തന്നെയാണ് വര്‍ഷങ്ങളായി ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്.
നിയമപ്രകാരം വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ വിറ്റൊഴിവാക്കലല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നു. എന്നാല്‍, ആരും കാര്‍ വാങ്ങാന്‍ തയാറായില്ല. 2.5 ലക്ഷം രൂപയ്ക്ക് പോലും കാര്‍ സ്വന്തമാക്കാന്‍ ആളുകള്‍ മടിച്ചു. ഒടുവില്‍, നിര്‍ബന്ധിതനായി ഞാനത് വിറ്റു. 84 ലക്ഷത്തിന്റെ കാര്‍ വില്‍ക്കുമ്പോള്‍ ലഭിച്ചത് വെറും 2.5 ലക്ഷമായിരുന്നുവെന്നും വിജ് കൂട്ടിച്ചേര്‍ക്കുന്നു.
ഇപ്പോള്‍ 62 ലക്ഷം കൊടുത്ത് പുതിയ ഇലക്ട്രിക് കാര്‍ വാങ്ങിയിരിക്കുകായണ് വരുണ്‍ വിജ്. പെട്രോള്‍-ഡീസല്‍ കാറുകള്‍ വാങ്ങിയാല്‍ ഭാവിയിലും ഇതേ അനുഭവം നേരിടേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ ഭയം. സര്‍ക്കാര്‍ നയം മാറിയില്ലെങ്കില്‍ പുതിയ ഇ.വി കാര്‍ ഒരു 20 വര്‍ഷമെങ്കിലും ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിജ്.
ഇത് വരുണ്‍ വിജിന്റെ മാത്രം അനുഭവമല്ല. സമാനമായ അനുഭവം പങ്കുവച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എട്ടു വര്‍ഷം പഴക്കമുള്ള റേഞ്ച് റോവര്‍ കാറിന്റെ ഉടമ ഋതേഷ് ഗണ്ടോത്ര അക്കൂട്ടത്തില്‍ ഒരാളാണ്. 2018ല്‍ 55 ലക്ഷം കൊടുത്തു വാങ്ങിയ കാറാണ്. കോവിഡ് കാലത്ത് രണ്ടു വര്‍ഷത്തോളം കാര്‍ നിരത്തില്‍ ഇറങ്ങിയതേയില്ല. രണ്ടു ലക്ഷത്തിലേറെ കിലോ മീറ്റര്‍ ലൈഫുള്ള കാര്‍ ഇതുവരെ ഓടിയത് 74,000 കിലോ മീറ്റര്‍ മാത്രമാണ്. ഇതിനു പുറമെ കൃത്യമായ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ കണ്ടീഷനും മികച്ചതാണ്. ഇതെല്ലാമായിട്ടും ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നിയമം കാരണം വന്‍ നഷ്ടത്തില്‍ കാര്‍ വില്‍ക്കേണ്ടിവന്നെന്നും ഋതേഷ് പറയുന്നു.
ഈ പറഞ്ഞതെല്ലാം സമ്പന്നരുടെയും മധ്യവര്‍ഗത്തിന്റെയും കാര്യമാണെങ്കില്‍ രണ്ടറ്റം മുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ, ഇടത്തരക്കാരുടെ ജീവിതത്തെയായിരിക്കും ഇഒഎല്‍ നയം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്. സിഎക്യുഎമ്മിന്റെ കണക്കു പ്രകാരം 'കാലാവധി' തീര്‍ന്ന 62 ലക്ഷം വാഹനങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇതില്‍ 40 ലക്ഷവും ഇരുചക്ര വാഹനങ്ങളാണ്. അഥവാ ദിവസ വേതനക്കാരുടെയും കൂലിപ്പണിക്കാരുടെയുമെല്ലാം വയറ്റത്തടിക്കാന്‍ പോകുന്ന നിയമമായിരിക്കും ഇത്. ജീവിതത്തില്‍ സ്വരുക്കൂട്ടിവച്ച സമ്പാദ്യമെല്ലാം എടുത്തു വാങ്ങിയ വാഹനങ്ങളായിരിക്കും അവര്‍ക്കത്. പലരുടെയും ഉപജീവനമാര്‍ഗം തന്നെ ഈ വാഹനങ്ങളായിരിക്കും. ഒരൊറ്റ രാത്രി ഉറങ്ങി എണീക്കുമ്പോഴേക്കും അവരുടെ ജീവിതത്തിലെല്ലാം ഇരുട്ടുമൂടുന്നതായിരിക്കും പുതിയ വാഹന നിയമം.
ജൂലൈ ഒന്നിന് നിയമം പ്രാബല്യത്തില്‍ വന്നതോടെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. കുടുംബത്തോടൊപ്പം ഏറ്റവും പ്രിയപ്പെട്ടതായി ഒപ്പം കൊണ്ടുനടക്കുന്ന, ജീവിതത്തിലെ ഏക സമ്പാദ്യമായി കരുതുന്ന വാഹനങ്ങള്‍ ആക്രിയായി മാറുന്നത് നോക്കിനില്‍ക്കേണ്ടി വരുന്ന ഭയത്തിലാണു സാധാരണക്കാര്‍. സര്‍ക്കാരും ഓട്ടോമൊബൈല്‍ കമ്പനികളും ഇന്‍ഷുറന്‍സ് കമ്പനികളുമെല്ലാം തമ്മിലുള്ള കൂട്ടുകച്ചവടമാണിതെന്ന് ആരോപിക്കുന്നവരുമുണ്ട്.
ജനരോഷം കടുത്തതോടെ, ഡല്‍ഹി സര്‍ക്കാര്‍ വാഹന നയം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചിട്ടുണ്ട്. അപ്പോഴും നിയമം പൂര്‍ണമായി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ പറയുന്നില്ല. പുതിയ രൂപത്തിലും ഭാവത്തിലും മറ്റൊരു അവസരത്തില്‍ നിയമം പ്രാബല്യത്തില്‍ വരാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹി പരിസ്ഥിതി മന്ത്രി മന്‍ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞതനുസരിച്ച്, എഎന്‍പിആര്‍ സംവിധാനത്തിന്റെ സാങ്കേതിക പരിമിതികളും നിയമം നടപ്പാക്കുന്നതിലെ സങ്കീര്‍ണതകളും കണക്കിലെടുത്താണ് ഇഒഎല്ലുമായി ബന്ധപ്പെട്ട തീരുമാനം. കൃത്യമായ മെയിന്റനന്‍സുള്ള വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം, മോശം കണ്ടീഷനിലുള്ള വാഹനങ്ങളെ മാത്രം ബാധിക്കുന്ന തരത്തിലുള്ള പുതിയ സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.