തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില വര്‍ധനവിന് മരവിപ്പ്; എട്ടിന്‍റെ പണി കിട്ടി എണ്ണക്കമ്പനികള്‍

ഫെബ്രുവരി 27നു ശേഷം​ ഇന്ധന വില ഉയർത്തിയിട്ടില്ല

Update: 2021-03-19 09:22 GMT

'ദിനംപ്രതി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവില' എന്ന ചര്‍ച്ചാവിഷയം കുറച്ചുദിവസമായി മരവിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പായതുകൊണ്ട് കഴിഞ്ഞ 20 ദിവസമായി എണ്ണവില വർധന മരവിപ്പിച്ചത് കാരണം പണി കിട്ടിയിരിക്കുന്നത് സത്യം പറഞ്ഞാല്‍ എണ്ണക്കമ്പനികള്‍ക്കാണ്. അന്താരാഷ്​ട്ര വിപണിയിലെ വിലയനുസരിച്ച്​ ഇന്ത്യയിൽ വില കൂട്ടാൻ സർക്കാർ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇത് മുതലെടുത്ത് ഓരോ ദിവസവും തുടർച്ചയായി വില കൂട്ടിക്കൊണ്ടിരുന്ന കമ്പനികൾക്ക്​ ലാഭം ഇരട്ടിയാക്കാനുള്ള അവസരമാണ്​ ഈ വിലവർധന മരവിപ്പിച്ചതിനാൽ തത്​കാലം മുടങ്ങിയത്​.

Advertising
Advertising

അന്താരാഷ്​ട്ര വിപണിയിലെ നിലവിലെ വില വർധനയും ഇന്ത്യയിൽ വിലയേറ്റുന്ന ​തോതും പരിഗണിച്ചാൽ മുംബൈയിൽ എണ്ണവില 103 രൂപയായി ഉയരേണ്ട സമയം കഴിഞ്ഞു. പക്ഷെ, വോട്ട് നേടാനായുള്ള ഓട്ടത്തില്‍ എണ്ണവില തിരിച്ചടിക്കുമോ എന്ന ചിന്ത അത് മരവിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചപ്പോള്‍ ലിറ്ററിന് ചുരുങ്ങിയത്​ നാലു രൂപയാണ്​ ജനത്തിന്​ ലാഭം, ഡീസലിന്​ രണ്ടു രൂപയും.

ഫെബ്രുവരി 27നു ശേഷം​ ഇന്ധന വില ഉയർത്തിയിട്ടില്ല. അന്ന്​ ആഗോള വിപണിയിൽ എണ്ണവില ബാരലിന്​ 64.68 ഡോളറായിരുന്നു. ഇടക്ക്​ 68.42 ഡോളർ വരെയെത്തി. എന്നിട്ടും വില വർധിച്ചില്ല. ഇന്ധന കമ്പനികൾ ഇതേ കുറിച്ച്​ പ്രതികരിക്കുന്നുമില്ല. മുമ്പ്​ രാജ്യാന്തര വിപണിയിൽ കുറഞ്ഞപ്പോഴും ഇന്ത്യയിൽ വില ഉയർത്തുന്നത്​ തുടർക്കഥയായിരുന്നു.

ഫെ​ബ്രുവരി 17നാണ്​ രാജ്യ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില 100 കടന്നത്​. രാജസ്​ഥാനിലെ ശ്രീഗംഗാനഗറിലും, മധ്യപ്രദേശിലെ ബോപ്പാലിലുമായിരുന്നു ആദ്യം ഇന്ധനവില സെഞ്ച്വറിയടിച്ചത്​. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റിടങ്ങളിലും വില മൂന്നക്കം കടന്നു. ഒട്ടുമിക്ക സംസ്​ഥാനങ്ങളിലും 90 രൂപക്ക്​ മുകളിലാണ് ഇപ്പോള്‍ ഇന്ധന വില. എണ്ണവില മാത്രമല്ല, പാചക വാതക വിലയും ഡിസംബറിനു ശേഷം മാത്രം 175 രൂപ ഉയർന്നിട്ടുണ്ട്​. കർണാടക നിയമസഭ തെരഞ്ഞെടുപ്പ്​ നടന്ന 2018ലും സമാനമായി കേന്ദ്രം ഇടപെട്ട്​ ഇന്ധനവില വില വർധന 19 ദിവസത്തേക്ക്​ അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു.

Tags:    

Similar News