മൂന്നാം ടെസ്റ്റ്; ടീമില്‍ അഴിച്ചു പണിയുമായി ഇന്ത്യ
ഓപ്പണർമാർ ഇരുവരും പുറത്തിരിക്കുന്നതോടെ പുതിയ ഓപ്പണിംഗ് ജോഡിയെ കണ്ടെത്തേണ്ടി വരും ഇന്ത്യക്ക്
നിർണായകമായ മെൽബണിലെ ബോക്സിംഗ് ഡേ ടെസ്റ്റിനായി ടീമിൽ അഴിച്ചു പണിയുമായി ടീം ഇന്ത്യ. ആദ്യ രണ്ടു ടെസ്റ്റുകളിലും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ഓപ്പണർമാർക്ക് സ്ഥാനം നഷ്ടമായപ്പോൾ, പേസർ ഉമേഷ് യാദവിനെയും ടീമില്‍ നിന്നും മാറ്റി നിർത്തി.
ഓപ്പണർമാരായ കെ.എൽ രാഹുലിനും മുരളി വിജയിക്കും പകരമായി കർണാടകയുടെ പുതുമുഖ ബാറ്റ്സാമാൻ മായങ്ക് അഗർവാളും, ഹനുമാ വിഹാരിയും ടീമിലെത്തി. മധ്യ നിരയിലേക്ക് രോഹിത് ശർമ്മയും തിരിച്ചെത്തിയിട്ടുണ്ട്. പേസ് ബൗളർ ഉമേഷ് യാദവിനു പകരമായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ടീമിലെടുത്തിട്ടുണ്ട്. ഓപ്പണർമാർ ഇരുവരും പുറത്തിരിക്കുന്നതോടെ പുതിയ ഓപ്പണിംഗ് ജോഡിയെ കണ്ടെത്തേണ്ടി വരും ഇന്ത്യക്ക്. മായങ്ക് അഗർവാളിനൊപ്പം, ഹനുമാ വിഹാരി ബാറ്റിംഗ് ഓപ്പൺ ചെയ്തേക്കും.
സീനിയർ താരങ്ങൾ നിറം മങ്ങുകയും, പരിക്കു പറ്റിയ പൃഥി ഷാക്ക് കളിക്കാനാവാരിക്കുകയും ചെയ്ത നിർണ്ണായക ഘട്ടത്തിലാണ് മായങ്കിന് ടീമലേക്ക് നറുക്ക് വീണിരിക്കുന്നത്. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് നിരയില്‍ അണിനിരക്കുന്നത്.