പ്രതാപകാലം ഓര്‍മിപ്പിച്ച് വിന്‍ഡീസ്; ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയം
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് വിന്‍ഡീസ് വമ്പ് കാട്ടിയത്.
ഇന്ത്യക്കെതിരെ എല്ലാ ഫോര്‍മാറ്റിലും തകര്‍ന്ന വിന്‍ഡീസിന്റെ ശക്തമായ തിരിച്ചുവരവ്. അതും സ്വന്തം നാട്ടില്‍. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് വിന്‍ഡീസ് തിരിച്ചുവരവ്. അതും 381 റണ്‍സിന്റെ വമ്പന്‍ ജയം. വിജയ റണ്‍സിന്റെ മാര്‍ജിന്‍ നോക്കുകയാണെങ്കില്‍ മൂന്നാമത്തേതും നാട്ടിലെ മികച്ച വിജയവുമാണ് വിന്‍ഡീസിന്റേത്. ബൗളിങ്ങില്‍ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത റോസ്റ്റന്‍ ചേസ് ആണ് ഇംഗ്ലണ്ടിനെ ഒന്നുമല്ലാതാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റുകളാണ് ഈ ഓഫ് സ്പിന്നര്‍ വീഴ്ത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 289 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഷായ് ഹോപ്(57)റോസ്റ്റന്‍ ചേസ്(54)ഷിംറോണ്‍ ഹെറ്റ്മയര്‍(81) എന്നിവരാണ് വിന്‍ഡീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ജയിം ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ അഞ്ച് വിക്കറ്റെടുത്ത കീമര്‍ റോച്ചിന്റെ മാരക ഏറില്‍ മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് തകര്‍ന്നു. 77 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിങ്സ് സ്കോറുകളിലൊന്നായിരുന്നു ഇത്. 212 റണ്‍സിന്റെ ലീഡും സ്വന്തമാക്കി രണ്ടാമത് ബാറ്റ് ചെയ്ത വിന്‍ഡീസ് ആറിന് 415 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വിജയലക്ഷ്യമായി മുന്നോട്ട് വെച്ചതാവട്ടെ 627 എന്ന റണ്‍മലയും.
ഇരട്ട സെഞ്ച്വറി നേടിയ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍(202)സെഞ്ച്വറി നേടിയ ഷെയിന്‍ ഡൗറിച്(116) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനായി പൊരുതി കളിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരെയും പുറത്തക്കാനായതുമില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിന് രക്ഷയുണ്ടായില്ല. നന്നായി തുടങ്ങിയെങ്കിലും 246ന് എല്ലാവരും ക്രീസ് വിട്ടു. 84 റണ്‍സെടുത്ത റോറി ബേണ്‍സ് ആണ് ടോപ് സ്‌കോറര്‍. ജോ റൂട്ട്(22)ജോസ് ബട്ട്‌ലര്‍(26)ബെന്‍ സ്റ്റോക്ക്(34) മുഈന്‍ അലി(0) എന്നിവരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. രണ്ടാം ടെസ്റ്റ് ഈ മാസം 31ന് നടക്കും.