കാണാതായ തലയിണ വഴിത്തിരിവായി; വയോധികയുടെ കൊലപാതകത്തിൽ അയൽവാസികളായ ദമ്പതികൾ അറസ്റ്റിൽ

കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ വിരലിലെ മോതിരമോ കമ്മലോ മൂക്കുത്തിയോ പ്രതികൾ എടുത്തിരുന്നില്ലെന്ന് പൊലീസ് പറയുന്നു

Update: 2025-11-07 03:23 GMT
Editor : Lissy P | By : Web Desk

കൊല്ലപ്പെട്ട ശ്രീലക്ഷ്മി,പ്രതികളായ സാക്ഷി,പ്രസാദ്  photo|times of india

ബംഗളൂരു: തെക്കൻ ബംഗളൂരുവിലെ ഉത്തരഹള്ളിയിൽ 63കാരിയുടെ കൊലപാതകത്തിൽ അയൽവാസികളായ ദമ്പതികൾ അറസ്റ്റിൽ.ജ്വല്ലറി ജീവനക്കാരനായ പ്രസാദ്(26),ഭാര്യ സാക്ഷി (23) എന്നിവരാണ് അറസ്റ്റിലായത്.  ഒന്നരവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. കൊല്ലപ്പെട്ട ശ്രീലക്ഷിയുടെ ഫ്‌ളാറ്റിൽ വാടകക്കാരായിരുന്നു പ്രതികൾ. ആറ് മാസം മുമ്പാണ് ഇരുവരും വാടകക്ക് താമസം തുടങ്ങിയത്. ഇരുവർക്കും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതിനെതുടർന്നാണ് ശ്രീലക്ഷ്മിയെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

ടിവി കാണാൻ എന്ന പേരിലാണ് ഇരുവരും ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. എന്നാൽ ആ സമയത്ത് ശ്രീലക്ഷ്മി മറ്റാരെയോ ഫോൺ ചെയ്യുകയായിരുന്നു. ഫോൺ വെച്ചതിന് ശേഷം ദമ്പതികൾ വയോധികയെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.കരച്ചിൽ പുറത്തേക്ക് കേൾക്കാതിരിക്കാൻ ഹാളിലുണ്ടായിരുന്ന തലയിണ വെച്ച് മുഖം അമർത്തുകയും ചെയ്തു. ശ്രീലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും പ്രതികൾ കൈക്കലാക്കി.എന്നാൽ വിരലിലെ മോതിരമോ,കമ്മലോ മൂക്കുത്തിയോ പ്രതികൾ എടുത്തിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

 ഫോണിൽ വിളിച്ചിട്ടും കിട്ടാതായപ്പോൾ ശ്രീലക്ഷ്മിയുടെ ഭർത്താവ് ഭയപ്പെട്ടു. തുടര്‍ന്ന് അയൽവാസികളെയും മരുമകനെയും വിളിച്ച് വിവരം പറഞ്ഞു.  ഇവർ വന്നുനോക്കിയപ്പോഴാണ് ശ്രീലക്ഷ്മി വീട്ടിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ശ്രീലക്ഷ്മിയുടെ ഭർത്താവും വീട്ടിലെത്തി.

ഭാര്യയുടെ ചുണ്ടിലും മുഖത്തുമുള്ള മുറിവുകളും കഴുത്തിലുണ്ടായിരുന്ന താലിമാല കാണാതായതും അദ്ദേഹം ശ്രദ്ധിച്ചു. ഭാര്യയുടെ മരണത്തിന് പിന്നിൽ വാടകക്കാരായ ദമ്പതികളാണെന്ന സംശയവും ഉണ്ടായി. ഇതിന് പുറമെ ഇവരുടെ പെരുമാറ്റത്തിലും ചില അസ്വാഭാവികതകൾ തോന്നി. വീട്ടിലെ ഹാളിലുണ്ടായിരുന്ന ചെറിയൊരു തലയിണ കാണാത്തതും കൊലപാതകത്തിൽ ദമ്പതികൾക്ക് പങ്കുണ്ടോ എന്ന സംശയം ബലപ്പെടുത്തി. തുടർന്ന് ശ്രീലക്ഷ്മിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച സ്വർണമാലയും പൊലീസ് കണ്ടെടുത്തു.കൊലപാതകക്കുറ്റവും കവർച്ചയുമടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News