ആലപ്പുഴ നഗരമധ്യത്തിൽ ജ്വല്ലറി തുരന്ന് മോഷണം; 40,000 രൂപയും എട്ട് കിലോയോളം വെള്ളി ആഭരണങ്ങളും സ്വർണവും കടത്തി

തെളിവുകൾ അവശേഷിക്കാതിരിക്കാൻ സിസിടിവിയുടെ ഹാർഡ് ഡിസ്കുകൾ ഊരിയെടുത്താണ് സംഘം മടങ്ങിയത്

Update: 2021-09-11 13:59 GMT
Advertising

ആലപ്പുഴയിൽ നഗരമധ്യത്തിലെ തിരക്കേറിയ ഭാഗത്തെ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ച. താലൂക്കാശുപത്രിക്ക് സമീപത്തെ കെ.പി റോഡിനോട് ചേർന്ന സാധുപുരം ജ്വല്ലറിയിൽ നിന്നും കൗണ്ടറിലുണ്ടായിരുന്ന 40,000 ഓളം രൂപയും എട്ട് കിലോയോളം വെള്ളി ആഭരണങ്ങളും വിളക്കിചേർക്കാനായി വച്ചിരുന്ന ഒരു പവൻ സ്വർണാഭരണവും നഷ്ടമായി. ലോക്കർ തുറക്കാനുള്ള സാഹസിക കവർച്ച ശ്രമം പരാജയപ്പെടുകയായിരുന്നു. തെളിവുകൾ അവശേഷിക്കാതിരിക്കാൻ സി.സി.ടി.വി കാമറകൾ തിരിച്ചുവെച്ച സംഘം ഹാർഡ് ഡിസ്കുകൾ ഊരിയെടുത്താണ് മടങ്ങിയതെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.

പുറകുവശത്തെ ഭിത്തി തുരന്ന് ആര്യവൈദ്യശാലക്കുള്ളിൽ കയറിയ കള്ളൻമാർ ഇതിനുള്ളിൽ നിന്നാണ് ജ്വല്ലറിയുടെ ഭിത്തി തകർത്ത് അകത്ത് കടന്നത്. തുടർന്ന് കട്ടർ ഉപയോഗിച്ച് ലോക്കർ പൊളിക്കാൻ ശ്രമിച്ചെങ്കിലും ഒരു ലെയർ മാത്രമെ പൊളിക്കാനായുള്ളു. മോഷണശ്രമം പരാജയപ്പെട്ടതോടെ രണ്ട് ഗ്യാസ് സിലണ്ടറുകളും ഇവിടെ ഉപേക്ഷിച്ചിരുന്നു. സമീപ പ്രദേശങ്ങളിൽ നിന്നും മോഷ്ടിച്ചവയാണ് ഇതെന്ന് കരുതുന്നു. ഗവ. ആശുപത്രി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്​ എന്നിവ ഉൾപ്പെടെ, സദാസമയവും വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ഭാഗത്തെ മോഷണം പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.

പുറകുവശം വിജനമായതാണ് കള്ളൻമാർക്ക് സൗകര്യമായത്. പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്ത് എത്തിയിരുന്നു. കായംകുളം കരീലക്കുളങ്ങര പൊലീസിനെ കോർത്തിണക്കി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി എ.എസ്.പി എ. നസീം പറഞ്ഞു. ആര്യവൈദ്യശാലയിൽ നിന്നും ചെറിയ തുക മോഷണം പോയിട്ടുണ്ട്.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News