2.2 കോടിക്ക് സ്റ്റീവ് സ്മിത്തോ? അമ്പരന്ന് ഡല്‍ഹി ക്യാമ്പ്
കഴിഞ്ഞ സീസണില്‍ അമ്പെ പരാജയപ്പെട്ടതോടെയാണ് സ്മിത്തിനെ ലേലത്തിന് വിട്ടുകൊടുക്കാന്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചത്.
ആസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെ 2.2 കോടിക്ക് ടീമിലെത്തിച്ചതിന്റെ അമ്പരപ്പിലാണ് ഡല്‍ഹി ക്യാമ്പ്. സ്മിത്തിനെപ്പോലെ കളി തിരിക്കാന്‍ കെല്‍പുള്ള ഒരു ബാറ്റ്‌സ്മാന് 2.2 കോടി മാത്രമെ കിട്ടിയുള്ളൂ എന്നാണ് ചോദിക്കുന്നത്. ഏതായാലും ഡല്‍ഹി സന്തോഷത്തിലാണ്. ഇനിയും കിട്ടാത്ത ഐപിഎല്‍ കിരീടത്തിന് ഒരിക്കല്‍ കൂടി ഗ്രൗണ്ടിലിറങ്ങുമ്പോള്‍ സ്മിത്തിന്റെ കളി മികവ് മാത്രമല്ല നായക തന്ത്രം കൂടി ഉപയോഗപ്പെടുത്താമെന്നാണ് കണക്കുകൂട്ടുന്നത്.
ബാറ്റിങ് നിരയെ കെട്ടുറപ്പുള്ളതാക്കാന്‍ സ്മിത്തിന്റെ വരവോടെ കഴിയുമെന്നാണ് ഡല്‍ഹി ക്യാമ്പ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയെങ്കിലും മുംബൈയുടെ അനുഭവ സമ്പത്തിന് മുന്നില്‍ ഡല്‍ഹി വീഴുകയായിരുന്നു. ലേലത്തിന് മുമ്പ് ഞങ്ങള്‍ സ്മിത്തിന്റെ പേര് ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിന് കൂടുതല്‍ തുക മുടക്കേണ്ടി വരുമെന്നാണ് കരുതിയത്, അവസരം ലഭിക്കുകയാണെങ്കില്‍ വാങ്ങാനും തീരുമാനിച്ചിരുന്നു, എന്നാല്‍ 2.2 കോടിക്ക് സ്മിത്തിനെ ലഭിക്കുമെന്ന് കരുതിയില്ലെന്നും ഡല്‍ഹി ടീം ഉടമകളിലൊരാളായ പാര്‍ത് ജിന്‍ഡാല്‍ വ്യക്തമാക്കി. ഡല്‍ഹിയുടെ സഹ പരിശീലകന്‍ മുഹമ്മദ് കൈഫും സമാന അഭിപ്രായമാണ് പങ്കുവെച്ചത്.
രണ്ട് സീസണുകളില്‍ രാജസ്ഥാനെ നയിച്ചിട്ടുണ്ട് സ്മിത്ത്. എന്നാല്‍ മങ്ങിയ ഫോമാണ് താരത്തിന് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ അമ്പെ പരാജയപ്പെട്ടതോടെയാണ് സ്മിത്തിനെ ലേലത്തിന് വിട്ടുകൊടുക്കാന്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചത്. എന്നാല്‍ അവസാന മത്സരങ്ങളില്‍ ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിക്കഴിഞ്ഞു. സ്മിത്തിനായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും രംഗത്തുണ്ടായിരുന്നെങ്കിലും 2.2 കോടിക്ക് ഡല്‍ഹി കാപ്പിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. മലയാളി താരം സഞ്ജു വി സാംസണാണ് ഇക്കുറി രാജസ്ഥാനെ നയിക്കുന്നത്.