പ്രായം തോല്‍ക്കും ലുക്ക് ; 'വര്‍ക്ക് അറ്റ് ഹോം' ചിത്രങ്ങളെന്ന് മമ്മൂട്ടി | Viral Photos
'ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോകണോ' എന്നാണ് ഷറഫുദ്ദീന്‍റെ ഫോട്ടോ കമന്‍റ്
കോവിഡ് ഭീതി വ്യാപിച്ചതോടെ ലോക് ഡൗണിലായ പല താരങ്ങളും വീട്ടുകാരോടൊത്താണ് മുഴുസമയവും ചെലവഴിക്കുന്നത്. പതിവ് ചിത്രീകരണ സ്ഥലങ്ങളില്‍ നിന്നുമുള്ള തുടരെ തുടരെയുള്ള ഓട്ടം ഇല്ലാതായതോടെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ വീടിനകത്താണ്. ഈ സമയം ഫലപ്രദമായി ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഉപയോഗിക്കുകയാണ് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി. വീട്ടിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.
'വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അദര്‍ വര്‍ക്ക്, സോ വര്‍ക്ക് ഔട്ട്';എന്നാണ് മമ്മൂട്ടി തന്‍റെ ഫോട്ടോകള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. മാസ് ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍ ചിത്രത്തിന് വേണ്ടിയുള്ള വര്‍ക്ക് ഔട്ട് എന്നാണ് ആരാധകര്‍ പുതിയ ലുക്കിനെ വിലയിരുത്തുന്നത്. ടോവിനോ തോമസ്, ഷറഫുദ്ദീന്‍, അനു സിത്താര, രജിഷ വിജയന്‍ എന്നിവര്‍ ചിത്രത്തിന് താഴെ കമന്‍റുകളുമായി രംഗത്തുവന്നിട്ടുണ്ട്. 'ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോകണോ' എന്നാണ് ഷറഫുദ്ദീന്‍റെ കമന്‍റ്. പുതിയ ചിത്രങ്ങളില്‍ ആരാധകരും അത്യധികം ആവേശത്തിലാണ്.