കിളിമഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്
കിളിമഞ്ചാരോയുടെ മുകളില്‍ ഇന്ത്യന്‍ പതാക പുതച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ അഭിമാന നിമിഷം ആരാധകരെ അറിയിച്ചത്
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. കിളിമഞ്ചാരോയുടെ മുകളില്‍ ഇന്ത്യന്‍ പതാക പുതച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ അഭിമാന നിമിഷം ആരാധകരെ അറിയിച്ചത്.
'ഞാന്‍ അത് സാധ്യമാക്കി.' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രത്തിനു താഴെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് കമന്‍റുമായെത്തുന്നത്.
വടക്ക് കിഴക്കൻ ടാൻസാനിയയിലെ ഒരു നിഷ്ക്രിയ അഗ്നിപർവതമായ കിളിമഞ്ചാരോ 1889 ഒക്ടോബർ 6-ന് ഹാൻസ് മെയർ, ലുഡ്‌വിഗ് പുർട്ട്‌ഷെല്ലർ എന്നിവർ ചേർന്നാണ് ആദ്യമായി കീഴടക്കിയത്. പിന്നീട് പർവ്വതാരോഹകരുടെ പ്രധാന ആകർഷണമായിരുന്നു ഈ കൊടുമുടി. "തിളങ്ങുന്ന മലനിര" എന്നാണ് കിളിമഞ്ചാരോ എന്ന സ്വാഹിളി വാക്കിന് അർത്ഥം. 5,895 മീറ്റർ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശം.
മലയാളത്തിലൂടെ സിനിമയിൽ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും സജീവമായി മാറിയ താരമാണ് നടി നിവേദ തോമസ്. മലയാളം, തമിഴ് ഭാഷകളിൽ പത്തോളം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞ നിവേദ ഈ വര്‍ഷം നിരവധി തെലുങ്ക് ചിത്രങ്ങളിലാണ് നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുമുണ്ട്. സാഹസിക വിനോദങ്ങളിൽ തല്പരയായ നിവേദ ബുള്ളറ്റ് മോട്ടോർ സൈക്കിൾ റൈഡിങ്ങിൽ അതിവിദഗ്ധയുമാണ്.