മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധം ആരോപിച്ച് വീരപ്പന്റെ അഭിമുഖം! 28 വർഷത്തിന് ശേഷം സൺ ടിവിയെ മുട്ടുകുത്തിച്ച് നടി സുകന്യ

മാനനഷ്ടക്കേസിൽ നടി സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സൺ ടിവിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു

Update: 2026-06-07 06:35 GMT

ചെന്നൈ: 1996ൽ സംപ്രേഷണം ചെയ്ത വീരപ്പന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പ്രമുഖ തെന്നിന്ത്യൻ നടി സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സൺ ടിവിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2015ൽ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.

1996 ഏപ്രിൽ 17ന് സൺ ടിവി സംപ്രേഷണം ചെയ്ത 'നേരുക്കു നേർ' എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പതിറ്റാണ്ടുകൾ നീണ്ട ഈ നിയമപോരാട്ടം ആരംഭിച്ചത്. നക്കീരൻ എഡിറ്റർ ആർ. ആർ. ഗോപാൽ വീരപ്പനുമായി നടത്തിയ ഒരു അഭിമുഖമായിരുന്നു ഇതിൽ കാണിച്ചത്. ഈ അഭിമുഖത്തിൽ മുൻ പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിന്റെ മകനുമായി സുകന്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും, അത് വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പൻ ആരോപിച്ചിരുന്നു. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നും, തന്റെ സൽപ്പേരിനും തൊഴിലിനും വ്യക്തിജീവിതത്തിനും ഇത് വലിയ മാനസികാഘാതവും കളങ്കവും ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്.

Advertising
Advertising

നക്കീരൻ മാഗസിൻ പകർത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു സൺ ടിവിയുടെ പ്രധാന വാദം. എന്നാൽ മദ്രാസ് ഹൈക്കോടതി ഈ വാദം പൂർണമായും തള്ളി. പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുൻപ് അത് എഡിറ്റ് ചെയ്യാനും, ഭാഗങ്ങൾ ഒഴിവാക്കാനും, മാറ്റങ്ങൾ വരുത്താനുമുള്ള പൂർണ അധികാരം സൺ ടിവിക്കുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ എഡിറ്റോറിയൽ നിയന്ത്രണം ഉള്ളതിനാൽ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ചാനലിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, വിവരങ്ങളുടെ സത്യാവസ്ഥ സുകന്യയോടോ മറ്റ് കേന്ദ്രങ്ങളിലോ അന്വേഷിക്കാൻ ചാനൽ തയ്യാറായില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

വിവാദത്തിന് പിന്നാലെ സൺ ടിവി ഒരു തമിഴ് മാസികയിൽ ക്ഷമാപണം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കോടതിയെ അറിയിച്ചു. എന്നാൽ സ്വന്തം ചാനലിലൂടെ തെറ്റായ വാർത്ത നൽകിയിട്ട് മറ്റൊരു മാധ്യമത്തിലൂടെ ക്ഷമാപണം നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തെറ്റായ വാർത്ത കണ്ട പ്രേക്ഷകരിലേക്ക് തന്നെ ക്ഷമാപണം എത്തണമെങ്കിൽ ചാനലിലൂടെ തന്നെയായിരുന്നു അത് നൽകേണ്ടിയിരുന്നത്. ഇതിലെ വീഴ്ച ചാനലിന്റെ ഭാഗത്തുനിന്നുള്ള ദുരുദ്ദേശ്യമാണ് വ്യക്തമാക്കുന്നതെന്നും വിധിയിൽ പറയുന്നു.

ഇതോടെയാണ് സുകന്യയ്ക്ക് 10,00,500 രൂപ നഷ്ടപരിഹാരം നൽകാനുള്ള 2015ലെ വിചാരണക്കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചത്. കൂടാതെ, ഈ അഭിമുഖത്തിലെ അപകീർത്തികരമായ ഭാഗങ്ങൾ ഭാവിയിൽ വീണ്ടും പ്രസിദ്ധീകരിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ തടഞ്ഞുകൊണ്ടുള്ള സ്ഥിരം വിലക്കും കോടതി നിലനിർത്തിയിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News