'ദിലീപിനെ പുറത്താക്കാതെ എന്ത്‌ സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്‍റെ ചീത്തപ്പേര്‌ പോകില്ല'; എന്‍.എസ് മാധവന്‍

'കാസ്റ്റിങ്-കൗച്ചർമാരെയും മറ്റു കൊള്ളക്കാരെയും സംരക്ഷിക്കുക എന്നത് സർക്കാരിന്‍റെ ജോലിയല്ല'

Update: 2022-01-12 09:32 GMT
Editor : ijas
Advertising

ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് പങ്കുവെച്ച സൂപ്പര്‍ താരങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. എ.എം.എം.എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത്‌ സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്‍റെ ചീത്തപ്പേര്‌ പോകില്ലെന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടാത്ത നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ജസ്റ്റിസ് ഹേമ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിനെയും എന്‍.എസ് മാധവന്‍ നിശിതമായി വിമര്‍ശിച്ചു. ഒരു ഇടതുപക്ഷ സർക്കാർ ഇരകൾക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാസ്റ്റിങ്-കൗച്ചർമാരെയും മറ്റു കൊള്ളക്കാരെയും സംരക്ഷിക്കുക എന്നത് സർക്കാരിന്‍റെ ജോലിയല്ലെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ പറഞ്ഞു.

'2 വർഷമായിട്ടും നടപടിയില്ലാത്ത ജസ്റ്റിസ് #ഹേമകമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതി? ഒരു ഇടതുപക്ഷ സർക്കാർ ഇരകൾക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് ഏതുവിധേയനേയും പുറത്തുവിടണം. കാസ്റ്റിങ്-കൗച്ചർമാരെയും മറ്റു കൊള്ളക്കാരെയും സംരക്ഷിക്കുക എന്നത് സർക്കാരിന്‍റെ ജോലിയല്ല'- എന്‍.എസ് മാധവന്‍ മറ്റൊരു ട്വീറ്റില്‍ എഴുതി.

2019 ഡിസംബര്‍ 31നാണ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചലച്ചിത്ര രംഗത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമം വേണമെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നുമായിരുന്നു കമ്മീഷന്‍റെ മുഖ്യ ശുപാര്‍ശ. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News