'തുറമുഖത്തില്‍ ഞാന്‍ ആന്‍റി ഹീറോ, നായകന്‍ അര്‍ജുന്‍ അശോകന്‍'; നിവിന്‍ പോളി

ചിത്രത്തിന്‍റെ റിലീസ് ഇത്രയും നീണ്ടത് നിർമാതാവിന്‍റെ പ്രശ്‌നമാണെന്നും കോടികളുടെ ബാധ്യത തന്‍റെ തലയിലിടാൻ ശ്രമിച്ചതായും നിവിന്‍

Update: 2023-03-09 10:45 GMT
Editor : ijas | By : Web Desk
Advertising

തുറമുഖത്തിലെ നായകന്‍ അര്‍ജുന്‍ അശോകനാണെന്നും താന്‍ ആന്‍റി ഹീറോയണെന്നും നടന്‍ നിവിന്‍ പോളി. ചിത്രത്തിന്‍റെ പ്രചാരണങ്ങളുടെ ഭാഗമായി നല്‍കിയ പത്ര സമ്മേളനത്തിലാണ് നിവിന്‍ പോളി സിനിമയിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രം മനോഹരമായ അനുഭവമായിരിക്കുമെന്നും ചിത്രം പൂര്‍ണമായും ഒരു രാജീവ് രവി ചിത്രമായിരിക്കുമെന്നും നിവിന്‍ പോളി പറഞ്ഞു. ചിത്രത്തിന്‍റെ റിലീസ് വൈകിയതിലും നിവിന്‍ പോളി തുറന്നടിച്ചു. ചിത്രത്തിന്‍റെ റിലീസ് ഇത്രയും നീണ്ടത് നിർമാതാവിന്‍റെ പ്രശ്‌നമാണെന്നും കോടികളുടെ ബാധ്യത തന്‍റെ തലയിലിടാൻ ശ്രമിച്ചതായും നിവിന്‍ പറഞ്ഞു.

"ഇത്രയുമധികം പ്രശ്‌നങ്ങളിലേക്ക് പോകേണ്ട സിനിമയല്ല തുറമുഖം. മലയാള സിനിമക്ക് താങ്ങാൻ പറ്റുന്ന ബജറ്റിൽ ചെയ്‌ത ഒരു സിനിമയാണിത്. സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ആരാണോ വലിച്ചിഴച്ചത് അവരാണ് ഉത്തരം പറയേണ്ടത്. തുറമുഖം നിർമാതാക്കൾ ഈ പടത്തിൽ സഹകരിച്ച ആളുകളോട് ചെയ്തത് നീതി പൂർവമായ കാര്യം അല്ല. പടം ഇറങ്ങില്ല എന്ന് 100 ശതമാനം ഉറപ്പ് ഉണ്ടായിട്ടും അഭിനയിച്ചവരോട് പ്രൊമോഷന് വേണ്ടി അഭിമുഖങ്ങളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു"; നിവിൻ പോളി പറയുന്നു.

സിനിമയുടെ മുഴുവൻ സാമ്പത്തിക ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുകയാണെങ്കിൽ റിലീസ് ചെയ്യാമെന്ന് നിർമാതാവ് പറഞ്ഞതായും നിവിൻ പറഞ്ഞു. കോടികളുടെ ബാധ്യത ആ സമയത്ത് തന്‍റെ തലയിൽ വെക്കാൻ പറ്റില്ലായിരുന്നു അതിനാലാണ് അന്ന് സിനിമ റിലീസാകാതിരുന്നതെന്നും നിവിൻ വെളിപ്പെടുത്തി.ചിത്രത്തിന്‍റെ സാമ്പത്തിക ഊരാക്കുടുക്കുകൾ അഴിക്കാൻ നിലവിലെ നിർമാതാവ് ലിസ്റ്റിൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും നിവിൻ പറയുന്നു.

നാളെയാണ് തുറമുഖം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ , നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻതാര അണിനിരക്കുന്ന 'തുറമുഖം' രാജീവ് രവി ആണ് സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്. കെ.എം. ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News