'പുതിയ പാഠത്തിന് സമയമായി' ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ഡുപ്ലെസിസ്
നിശ്ചിത ഓവര്‍ മല്‍സരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്
ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഫാ ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. നിശ്ചിത ഓവര്‍ മല്‍സരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
എന്റെ ഹൃദയം ശുദ്ധമാണ്. ഇതുതന്നെയാണ് പുതിയ അദ്ധ്യായത്തിലേക്ക് കടക്കാന്‍ ശരിയായ സമയം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയമായിരിക്കുകയാണ്. ഞാന്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 69 ടെസ്റ്റ് കളിക്കുമെന്ന് പതിനഞ്ച് കൊല്ലം മുന്‍പ് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അത് വിശ്വസിക്കുമായിരുന്നില്ല. തികഞ്ഞ അഭിമാനത്തോടെയാണ് ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നത്. കരിയറിലെ ഉയര്‍ച്ച താഴ്ചകളും എന്നിലെ മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.ഡുപ്ലസിസ് ഇന്‍സ്റ്റയില്‍ കുറിച്ചു
അഡ്ലെയ്ഡിലെ അരങ്ങേറ്റ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ തോല്‍വിയുടെ വക്കില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷപ്പെടുത്തിയ സെഞ്ചുറിയുമായാണ് ഡുപ്ലെസി വരവറിയിച്ചത്. ഒന്നാം ഇന്നിങ്സിൽ 159 പന്തിൽനിന്ന് 78 റൺസെടുത്ത താരം, രണ്ടാം ഇന്നിങ്സിൽ 376 പന്തിൽനിന്ന് പുറത്താകാതെ 110 റൺസ് നേടിയിരുന്നു. അരങ്ങേറ്റ ടെസ്റ്റിലെ നാലാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ടീമിനെ തോൽവിയിൽനിന്ന് കരകയറ്റിയ ഡുപ്ലസി അന്നുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
എ.ബി ഡിവില്ലിയേഴ്സിൽനിന്ന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഡുപ്ലസിസ് 36 മല്‍സരങ്ങളിലാണ് ടീമിനെ നയിച്ചത്. കഴിഞ്ഞ ജനുവരിയിൽ നാട്ടിൽ ഇംഗ്ലണ്ടിനോടേറ്റ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് ഡുപ്ലസി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. മുപ്പത്തിയാറുകാരനായ ഡുപ്ലസിസ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 69 ടെസ്റ്റില്‍ ഇന്ന് പത്ത് സെഞ്ചുറിയടക്കം 4163 റണ്‍സ് നേടിയിട്ടുണ്ട്.