വംശീയാധിക്ഷേപം, അവഗണന, ഓസില്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചു
മൂന്ന് കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് 9 വര്‍ഷം നീണ്ട ജര്‍മന്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ച വിവരം മെസ്യൂട് ഓസില്‍ അറിയിച്ചത്...
ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. വംശീയാധിക്ഷേപവും അവഗണനയുമാണ് ജര്‍മന്‍ ജേഴ്സി ഊരാന്‍ കാരണമെന്ന് ഓസില്‍ പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ജര്‍മനിക്ക് ലോകകപ്പ് നേടികൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച മെസ്യൂത് ഓസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ജര്‍മന്‍ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. വംശീയാധിക്ഷേപം അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ലോകത്തിലെ മികച്ച പ്ലേ മേക്കര്‍മാരില്‍ ഒരാള്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നത്. മൂന്ന് കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് 9 വര്‍ഷം നീണ്ട ജര്‍മന്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ച വിവരം മെസ്യൂട് ഓസില്‍ അറിയിച്ചത്.
തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാനെ മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചത് ജര്‍മനിയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. പിന്നാലെ ജര്‍മനി ലോകകപ്പില്‍ നിന്ന് ആദ്യ റൌണ്ടില്‍ പുറത്തായതോടെ കൂടുതല്‍ പഴി കേട്ടതും ഓസിലായിരുന്നു. ഉര്‍ദുഗാനാടൊപ്പം ഫോട്ടോ എടുത്തത് രാഷ്ട്രീയ നിലപാടല്ലെന്ന് വിരമിക്കല്‍ പ്രസ്താവനയില്‍ ഓസില്‍ പറയുന്നു. തന്‍റെ കുടുബത്തിന്‍റെ സ്വദേശത്തിന്‍റെ പരമോന്നത നേതാവിനോടുളള ആദരം മാത്രമായിരുന്നു.
ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെയും അസോസിയേഷന്‍ പ്രസിഡന്‍റിനേയും ഓസില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വംശീയ വിദ്വേഷത്തോടെയാണ് തന്നോട് പെരുമാറിയത്. ജയിക്കുമ്പോള്‍ താനവര്‍ക്ക് ജര്‍മനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനും ആകുന്നു. തുര്‍ക്കി വംശജനായത് കൊണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ അവഗണിച്ചു. വംശീയാധിക്ഷേപം ഒരു കാലത്തും അഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജര്‍മന്‍ കുപ്പായം അഴിക്കുന്നത് എന്ന് പറഞ്ഞാണ് ഓസില്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.
2009ല്‍ ടീമിലെത്തിയ ഓസില്‍ 3 ലോകകപ്പുകള്‍ കളിച്ചു. ജര്‍മനി ലോകകപ്പ് നേടിയ 2014ല്‍ ടീമിന്‍റെ മധ്യനിരയെ നിയന്ത്രിച്ചു. 92 മത്സരങ്ങളില്‍ നിന്നായി ഓസില്‍ 23 ഗോളുകള്‍ നേടിയിട്ടുണ്ട്.