ഇനിയില്ല... ഇംഗ്ലണ്ടില്‍ വീണ്ടുമൊരു റൂണി മാജിക്

തന്‍റെ നൂറ്റിഇരുപതാമതും അവസാനത്തെയും മത്സരത്തിനിറങ്ങിയ റൂണിക്ക് ഗംഭീര യാത്രയയപ്പാണ് ഫുട്ബോള്‍ ലോകം നല്‍കിയത്

Update: 2018-11-16 14:19 GMT

അവസാന ഗോള്‍ പിറന്നില്ലെങ്കിലും ആശംസകളിലും കണ്ണീരിലും പൊതിഞ്ഞ് ഫുട്ബോള്‍ ഇതിഹാസം വെയിന്‍ റൂണി ഇംഗ്ലണ്ട് ജേഴ്സി ധരിച്ച് അവസാനമായി കളിക്കളത്തിലിറങ്ങി. തന്‍റെ നൂറ്റിഇരുപതാമതും അവസാനത്തെയും മത്സരത്തിനിറങ്ങിയ റൂണിക്ക് ഗംഭീര യാത്രയയപ്പാണ് ഫുട്ബോള്‍ ലോകം നല്‍കിയത്. യു.എസ്.എക്കെതിരെയുള്ള മത്സരത്തില്‍ റൂണിക്ക് ഗോളടിക്കാനിയില്ലെങ്കിലും ഇംഗ്ലണ്ട് 3-0ന് വിജയിച്ചു.

അന്‍പത്തിയെട്ടാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ടായാണ് റൂണി കളിക്കളത്തിലേക്കിറങ്ങുന്നത്. ആദ്യ പകുതിയിലെ ആധിപത്യപരമായ പ്രകടനങ്ങള്‍ക്കൊണ്ട് ഇംഗ്ലണ്ട് അപ്പോള്‍ തന്നെ 2-0ന് മുന്നിലായിരുന്നു. റൂണിയക്ക് മികച്ച യാത്രയയപ്പ് നല്‍കാനായി സ്റ്റേഡിയം വലിയ രീതിയില്‍ തന്നെ അലങ്കരിച്ചിരുന്നു. ബഹുമാനാര്‍ത്ഥമുള്ള യാത്രയയപ്പ് ഇരു ടീമുകളും റൂണിക്ക് നല്‍കി. മത്സരം തുടങ്ങുന്നതിന് മുന്‍പായി ഫുട്ബോള്‍ അസോസിയേഷന്‍റെ സമ്മാനവും റൂണി ഏറ്റുവാങ്ങി.

Advertising
Advertising

ഊദ്യോഗികമായി 2017ല്‍ റൂണി വിരമിച്ചെങ്കിലും യു.എസ്.എയുമായുള്ള സൌഹൃദ മത്സരം റൂണിക്ക് സമര്‍പ്പിച്ച് കൊണ്ട് നടത്താന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ കൂടുതലൊന്നും ചെയ്യാനായില്ലെങ്കിലും അവസാന നിമിഷങ്ങളിലെ റൂണിയുടെ ഒരു ഗോള്‍ ശ്രമം ഗോള്‍കീപ്പര്‍ ബ്രാഡ് ഗുസാന്‍ തടഞ്ഞു. അവസാനത്തെയും അന്‍പത്തിനാലാമത്തെയും ഗോളടിക്കാനായി വലിയ ശ്രമങ്ങളൊന്നും നടത്താതെ തന്നെ തന്‍റെ സ്വതസിദ്ധമായ രീതിയില്‍ റൂണി പന്ത് തന്നിലേക്ക് വരാനായി കാത്തിരുന്നും പാസുകള്‍ നല്‍കിയും കളം നിറഞ്ഞു.

ഇന്നത്തെ മത്സരം തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നെന്നും ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും ഈ ദിവസം താന്‍ ഒരുപാട് കാലം ഓര്‍ത്ത് വക്കുമെന്നും റൂണി പറഞ്ഞു. ടീമിനെ പുകഴ്ത്താനും ഭാവിയിലേക്കുള്ള തന്‍റെ പ്രതീക്ഷകള്‍ പങ്ക് വക്കാനും റൂണി മറന്നില്ല. സഹതാരങ്ങളും ആരാധകരുമെല്ലാം ചേര്‍ന്ന് റൂണിക്ക് എക്കാലവും മറക്കാനാവാത്ത യാത്രയയപ്പ് സമ്മാനിച്ചു.

Tags:    

Similar News