ചിരിവാതകം ശ്വസിക്കുന്ന ആഴ്‌സണല്‍ താരങ്ങളുടെ വീഡിയോ പുറത്ത്
ചിരിവാതകം നിറഞ്ഞ ബലൂണിലെ വാതകം വായിലൂടെ ശ്വസിച്ച ശേഷം ഒസില്‍ ഇരിപ്പിടത്തിലേക്ക് വീഴുന്നതും ചിരിക്കുന്നതും വീഡിയോയിലുണ്ട്. 19കാരനായ മറ്റിയോ ഗുണ്ടോസി ഇത് ശ്വസിച്ച് സോഫയിലേക്ക് വീണു കിടക്കുകയാണ്...
ചിരിവാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് ശ്വസിക്കുന്ന ആഴ്‌സണല്‍ താരങ്ങളുടെ വീഡിയോ പുറത്ത്. അലക്‌സാണ്ട്രെ ലക്കാസെറ്റെ, മറ്റിയോ ഗുണ്ടോസി, പിയറെ ഔബമേയങ്, മെസൂട്ട് ഒസില്‍ എന്നീവരുടെ വീഡിയോയാണ് ദ സണ്‍ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ താരങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ആഴ്‌സണല്‍ ക്ലബ് അധികൃതര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
സീസണ് മുന്നോടിയായുള്ള പാര്‍ട്ടിക്കിടെ ലണ്ടനിലെ ഒരു ക്ലബ്ബില്‍ വെച്ച് ഓഗസ്റ്റിലാണ് സംഭവം. ഹിപ്പി ക്രാക്ക് അഥവാ ലോഫിംങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡാണ് ഫുട്‌ബോള്‍ താരങ്ങള്‍ വലിക്കുന്നത്. കളിക്കാരെ തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമെന്ന് ക്ലബ് വക്താവ് അറിയിച്ചിട്ടുണ്ട്.
ക്ലബിലെ സിസിടിവി ദൃശ്യങ്ങളാണ് ദ സണ്‍ പുറത്തുവിട്ടത്. പിടിക്കപ്പെട്ടത് ആഴ്സണല്‍ താരങ്ങളാണെങ്കിലും പ്രീമിയര്‍ ലീഗ് ക്ലബുകളിലെ കളിക്കാര്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ സജീവമാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നുണ്ട്. ചിരിവാതകം നിറഞ്ഞ ബലൂണിലെ വാതകം വായിലൂടെ ശ്വസിച്ച ശേഷം ഒസില്‍ ഇരിപ്പിടത്തിലേക്ക് വീഴുന്നതും ചിരിക്കുന്നതും വീഡിയോയിലുണ്ട്. കൂട്ടത്തില്‍ പ്രായം കുറഞ്ഞ 19കാരനായ മറ്റിയോ ഗുണ്ടോസി ഈ ചിരിവാതകം ശ്വസിച്ച് സോഫയിലേക്ക് വീണു കിടക്കുകയാണ്.
ശ്വസിച്ചാല്‍ അമിതമായി സന്തോഷം നല്‍കുന്നതിനാലാണ് നൈട്രെസ് ഓക്‌സൈഡിനെ ചിരിവാതകം എന്ന് വിളിക്കുന്നത്. ഇതിന്റെ ഉപയോഗം അമിതമായാല്‍ തലച്ചോറിനെ വരെ ബാധിക്കാനും ഹൃദയാഘാതത്തിന് പോലും സാധ്യതയുണ്ട്. ലണ്ടന്‍ ക്ലബ്ബുകളില്‍ നൈട്രസ് ഓക്‌സൈഡ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടെങ്കിലും വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. ഈ വാതകം വൈദ്യശാസ്ത്ര മേഖലയില്‍ വേദനസംഹാരിയായും ഉപയോഗിക്കുന്നുണ്ട്.