മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പ്പൂള്‍
ലാലിഗയില്‍ ലെവാന്‍റയെ ഗോളില്‍ മുക്കിയാണ് ബാഴ്സയുടെ വിജയം
ശക്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂള്‍ ത്രസിപ്പിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പ്പൂളിന്‍റെ വിജയം. 23ആം മിനിറ്റില്‍ സാഡിയോ മാനെ യുണൈറ്റഡിന്‍റെ വല ആദ്യം കിലുക്കി. എന്നാൽ അധികം താമസിയാതെ 33ആം മിനിറ്റില്‍ ലിംഗാർഡിലൂടെ യുണൈറ്റഡ് ആദ്യ ഗോളിന് മറുപടി നല്‍കി. ആദ്യ പകുതി ഒന്നേ ഒന്നിന് സമനിലയില്‍ പിരിഞ്ഞു, 72ആം മിനിറ്റ് വരെ സമനിലയില്‍ കളി പുരോഗമിച്ചു. 73ആം മിനിറ്റിലും, 80ആം മിനിറ്റിലും യുണൈറ്റഡിന്‍റെ വല തുളച്ച് ഷാക്കിരിയുടെ ഇരട്ട ഗോള്‍ നേട്ടം ലിവർപൂളിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.
ജയത്തോടെ പോയന്റ് പട്ടികയില്‍ മാഞ്ചസ്റ്റർ സിറ്റിയെ പിന്തള്ളി ലിവർപൂള്‍ ഒന്നാം സ്ഥാനത്തെത്തി. മറ്റ് മത്സരങ്ങളില്‍ ചെൽസി ബ്രൈട്ടണെയും, സൌതാപടണ്‍ ആർസനലിനെയും തോല്‍പ്പിച്ചു. ലാലിഗയില്‍ ലെവാന്‍റയെ ഗോളില്‍ മുക്കിയാണ് ബാഴ്സയുടെ വിജയം. എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ബാഴ്സ ലെവാന്‍റയെ തോൽപ്പിച്ചത്. സൂപ്പർതാരം ലയണല്‍ മെസി ഹാട്രിക് നേടി. മറ്റ് മത്സരങ്ങളില്‍ സെവിയ ജിറോണയെയും, റയൽബെറ്റിസ് എസ്പാന്യോളിനെയും തോൽപ്പിച്ചു. എയ്ബർ വലന്‍സിയ മത്സരവും, ഹ്യുയെസ്ക വിയ്യാറയൽ മത്സരവും സമനിലയിൽ കലാശിച്ചു.