റൊണാള്‍ഡോയുടെ വെല്ലുവിളിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി മെസി
മെസിയെ ഇറ്റാലിയന്‍ ലീഗിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ മെസി തന്‍റെ വെല്ലുവിളി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന നിലയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു...
ലയണല്‍ മെസിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ കേമന്‍? വര്‍ഷങ്ങളായി ഫുട്‌ബോള്‍ ആരാധകര്‍ ആ തര്‍ക്കം തുടങ്ങിയിട്ട്. സ്പാനിഷ് ലീഗിലെ റയല്‍ ബാഴ്‌സ എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലെ പ്രധാന ആവേശങ്ങളിലൊന്ന് ഈ രണ്ട് താരങ്ങളും നേര്‍ക്കു നേര്‍വരുമെന്നതായിരുന്നു. ക്രിസ്റ്റ്യാനോ റയല്‍ വിട്ടതോടെ ആ സാധ്യത ഇല്ലാതായി. അതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ഒരു വെല്ലുവിളിക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം മെസി.
കഴിഞ്ഞ സീസണില്‍ യുവന്റസിലെത്തിയ റൊണാള്‍ഡോ മെസിയെ ഇറ്റാലിയന്‍ സീരി എയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പുതിയ വെല്ലുവിളികള്‍ മെസി സ്വീകരിക്കുമെന്നാണ് കരുതുന്നുവെന്ന രീതിയിലായിരുന്നു റൊണാള്‍ഡോയുടെ പരാമര്‍ശം. സ്പാനിഷ് മാധ്യമമായ മാര്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയുടെ വെല്ലുവിളിക്ക് മെസി മറുപടി പറഞ്ഞത്.
ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും ദേശീയ ടീമിനായി പോര്‍ച്ചുഗലിലുമൊക്കെ ഞാന്‍ കളിക്കുമ്പോള്‍ മെസി സ്‌പെയിനില്‍ തന്നെയായിരുന്നു. ഒരു ദിവസം മെസി ഇറ്റാലിയന്‍ ലീഗിലേക്ക് വരുമെന്നാണ് പ്രതീക്ഷ. എന്നെപ്പോലെ തന്നെ വെല്ലുവിളികളെ മെസിക്കും ഇഷ്ടമാണെന്നാണ് കരുതുന്നത്. ഇനി അദ്ദേഹം സ്‌പെയിനില്‍ തൃപ്തനാണെങ്കില്‍ അതിനോട് ബഹുമാനമേയുള്ളൂ- എന്നായിരുന്നു ക്രിസ്റ്റിയാനോയുടെ പരാമര്‍ശം.
ഇതിനുള്ള മറുപടിയാണ് മെസി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 'എന്തെങ്കിലും മാറ്റം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ക്ലബിന്റെ താരമാണ് ഞാന്‍. ഓരോ വര്‍ഷവും പുതിയപുതിയ വെല്ലുവിളികളാണ് എനിക്ക് മുന്നിലുള്ളത്. പുതിയ വെല്ലുവിളികള്‍ക്കുവേണ്ടി ക്ലബ് മാറണമെന്ന അഭിപ്രായമില്ല' എന്നായിരുന്നു മെസി പറഞ്ഞത്. അതേസമയം ക്രിസ്റ്റ്യാനോയുമായുള്ള ആരോഗ്യകരമായ മത്സരം ആസ്വദിക്കുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു.