തൂത്തുവാരാന്‍ ബാഴ്സ, തിരിച്ചടിക്കാന്‍ റയല്‍; ഇന്ന് എല്‍ ക്ലാസിക്കോ പോരാട്ടം

ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ 1.30നാ​ണ്​ മ​ത്സ​രം

Update: 2019-03-02 12:37 GMT

നാലു ദിവസത്തിനിടെ ബാഴ്സലോണയും റയൽ മഡ്രിഡും രണ്ടാം തവണയും നേർക്കുനേർ. കിങ്സ് കപ്പിൽ ബുധനാഴ്ച ഇരുവരും ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ലാ ലിഗയിലാണ് റയൽ തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽ ബാഴ്സലോണ വീണ്ടും ബൂട്ടുകെട്ടുന്നത്. ബാഴ്സയുടെ മൈതാനത്ത് നടന്ന ലാ ലിഗയിലെ ആദ്യപാദത്തിലും പിന്നാലെ കിങ്സ് കപ്പിലും തോൽപിച്ച കറ്റാലന്മാരോട് കണക്കുതീർക്കാനാണ് റയലിന്റെ പടയൊരുക്കം. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.30നാണ് മത്സരം.

കിങ്സ് കപ്പ് രണ്ടാംപാദത്തിൽ റയലിനെ 3-0ത്തിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ കളത്തിലിറങ്ങുന്നത്. റയലിന്റെ കിങ്സ് കപ്പ് മോഹം ഇല്ലാതാക്കിയ ബാഴ്സക്ക് ഇനി ലാ ലിഗയിലും മുഖ്യ എതിരാളികളെ അടിച്ചൊതുക്കണം. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള റയലിനെക്കാൾ ഒമ്പത് പോയിന്‍റോടെ രണ്ടാംസ്ഥാനത്തുള്ള അത്‍ലറ്റികോ മഡ്രിഡിനെക്കാൾ ഏഴു പോയൻറും മുന്നിലാണ് ബാഴ്സ.

Advertising
Advertising

ടീം ലൈനപ്പിൽ ബാഴ്സക്ക് ആശങ്കകളൊന്നുമില്ല. ഫ്രഞ്ച് പ്രതിരോധതാരം സാമുവൽ ഉംറ്റിറ്റി പരിക്കുമാറി തിരിച്ചെത്തി. ബ്രസീലിയൻ താരം ആർതറും ഫിറ്റ്നസ് കൈവരിച്ച് ടീമിലേക്ക് മടങ്ങിയിട്ടുണ്ട്. കിങ്സ് കപ്പിൽ കളിപ്പിച്ച ഇലവനെ തന്നെയായിരിക്കും കോച്ച് ഏണസ്റ്റോ വാൽവർഡെ കളത്തിലിറക്കുക. ഫോം കണ്ടെത്താനാവാത്ത ബ്രസീലിയൻ താരം ഫിലിപ്പെ കൗട്ടീന്യോക്കു പകരം ഉസ്മാനെ ഡെംബലെയാകും ഇടതുവിങ്ങിൽ.

Full View

എന്നാൽ പ്രതിരോധനിരയിലാണ് ബാഴ്സക്ക് ആശങ്കയുള്ളത്. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധത്തെ തകർത്ത് നിരന്തരം അവസരങ്ങളൊരുക്കാൻ റയലിനായിരുന്നു. നിറംമങ്ങുന്ന സെര്‍ജി റൊബര്‍ട്ടോയുടെ വിങ്ങിലൂടെ അക്രമിച്ചുകളിക്കാന്‍ വിനീഷ്യസ് ജൂനിയറിനായി. റയലിന് ഇന്ന് ജയിച്ചേ പറ്റൂ. വിനീഷ്യസ് ജൂനിയറും ബെൻസേമയും കളം നിറഞ്ഞ് കളിച്ചാൽ ബാഴ്സ ശരിക്കും വിയർക്കും. കഴിഞ്ഞ അഞ്ച് എൽക്ലാസികോയിലും ബാഴ്സയോട് ജയിക്കാനായിട്ടില്ലായെന്ന നാണക്കേട് തിരുത്താനാണ് ബദ്ധവൈരികളുടെ പടയൊരുക്കം.

Tags:    

Similar News