ചാമ്പ്യന്‍സ് ലീഗ്; ചാമ്പ്യന്മാര്‍ പുറത്ത്
കഴിഞ്ഞ 1012 ദിവസങ്ങൾ റയലായിരുന്നു യൂറോപ്പിലെ ചാമ്പ്യന്മാർ. എന്നാൽ അവരുടെ സമയം അവസാനിച്ചിരിക്കുന്നു
ഈ രാത്രി അയാക്സിന്റേതാണ്. റയൽ മാനജർ സൊളാരിയുടെ മുഴുവൻ പ്ലാനുകളും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ 4-1ന്(Aggregate 5-3) പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നിരിക്കുകയാണ് അയാക്സ്.
തന്ത്രങ്ങളോ ഒത്തൊരുമയോ മികച്ച മുന്നേറ്റങ്ങളോ കണ്ടെത്താൻ റയല്‍ മാഡ്രിഡിനായില്ല. എന്നാൽ സുന്ദരമായ നീക്കങ്ങളും അസാമാന്യ ഒത്തൊരുമയും കൊണ്ട് അയാക്സ് റയൽ മൈതാനത്ത് നിറഞ്ഞുകളിച്ചു.
ഒന്നാം പാദമത്സരത്തിൽ അയാക്സിന്റെ തട്ടകത്തിൽ 2-1ന് ജയിച്ച ആത്മവിശ്വാസത്തിൽ പന്ത് തട്ടാനിറങ്ങിയ റയലിന്റെ മുഴുവൻ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് അയാക്സ് മത്സരം തുടങ്ങിയത്. മത്സരത്തിന്റെ 7ാം മിനിറ്റിൽ ഹക്കിം സിയേച്ചിലൂടെ ആഥിതേയരുടെ വലകുലുക്കി അയാക്സ്. മത്സരം വരുതിയിലാക്കാൻ കെണഞ്ഞ് പരിശ്രമിക്കുന്നതിനിടയിൽ വീണ്ടും ഡേവിഡ് നെരസ് റയൽ വലകുലുക്കി. 20 മിനിറ്റിനുള്ളിൽ റയൽ രണ്ട്
ഗോളിന് പിറകിൽ.
ലൂക്കാസ് വാസ്ക്കസും വിനീഷ്യസ് ജൂനിയറും മികച്ച മുന്നേറ്റങ്ങൾ നടത്തി പ്രതീക്ഷ നൽകിയെങ്കിലും ഉടനെ തന്നെ പരിക്ക് കാരണം ഇരുവരും കളംവിട്ടു. 29ാം മിനിറ്റിൽ ലൂക്കാസിന് പകരം ബെയ്ൽ വന്നപ്പോൾ 35ാം മിനിറ്റിൽ വിനീഷ്യസിന് പകരം അസൻസിയോ കളത്തിലിറങ്ങി. അവർക്കൊന്നും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
അധിശയിപ്പിക്കുന്ന ഒത്തൊരുമയും, സുന്ദരമായ തന്ത്രങ്ങളും പൊടുന്നനെയുള്ള നീക്കങ്ങളും ഒത്തുചേർന്നപ്പോൾ റയൽ ചിത്രത്തിലേ ഇല്ലാതായി. 62ാം മിനിറ്റിൽ ടാടിക്കിന്റെ ഉഗ്രൻ ഷോട്ടിലൂടെ അയാക്സിന്റെ മൂന്നാമത്തെ ഗോളും പിറന്നു. 72ാം മിനിറ്റിൽ കൊർട്ടോവയെ കാഴ്ച്ചക്കാരനാക്കി സ്കോണിന്റെ വിവരിക്കാനാവാത്ത ഫ്രീ കിക്ക്
ഗോളോടെ ചാമ്പ്യന്മാർ പരാജയപ്പെട്ടിരുന്നു. 70ാം മിനിറ്റിൽ അസൻസിയോയാണ് റയലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
അയാസിന്റെ ഫുട്ബോൾ ചരിത്രത്തിലെ ചാമ്പ്യൻസ് ലീഗിലെ മൂന്നാമത്തെ വിജയമാണിത്. ഇതിന് മുമ്പ് 1973ലും 1995ലുമാണ് അയാസ് ജയിച്ചിരുന്നത്.ആ രണ്ട് സമയത്തും അവരായിരുന്നു യൂറോപ്യൻ ചാമ്പ്യന്മാർ. ഇപ്രാവശ്യം അയാസ് യൂറോപ്യൻ ചാമ്പ്യന്മാരാവുമെന്ന് പറയുന്നവരും വിരളമല്ല. ചാമ്പ്യന്മാരെ തകർത്ത ആത്മവിശ്വാസത്തിൽ ക്വാർട്ടറിലെ എതിരാളികളെ കാത്തിരിക്കുകയാണ് അയാസ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ നാല് വർഷത്തെ ചാമ്പ്യന്മാർ പുറത്തായിരിക്കുന്നു. കഴിഞ്ഞ 1012 ദിവസങ്ങൾ റയലായിരുന്നു യൂറോപ്പിലെ ചാമ്പ്യന്മാർ. എന്നാൽ അവരുടെ സമയം അവസാനിച്ചിരിക്കുന്നു. ഒരൊറ്റ ആഴ്ച്ചക്കുള്ളിൽ കോപ്പ ഡെൽ റേ, ലാലീഗ ടൈറ്റിൽ, ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരിക്കുകയാണ് റയൽ.