ഫുട്ബോളിനെ കുറിച്ച് ഒരു വിവരവും ഇല്ലാത്തവരാണ് വാറിൽ ഉള്ളത്; രൂക്ഷവിമര്‍ശവുമായി നെയ്മര്‍

സംഭവങ്ങൾ സ്ലോ മോഷനിൽ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത് എന്നും നെയ്മർ പറഞ്ഞു.

Update: 2019-03-07 05:26 GMT

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് തന്റെ ടീം പുറത്തായതിന്റെ ഷോക്കിലാണ് സൂപ്പര്‍ താരം നെയ്മര്‍. കളി കാണാന്‍ സ്റ്റേഡിയത്തില്‍ നെയ്മറുമുണ്ടായിരുന്നു. പിഎസ്ജിയുടെ നീക്കങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച നെയ്മര്‍ ഇഞ്ച്വറി ടൈമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അനുവദിച്ചൊരു പെനല്‍റ്റിയില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

വീഡിയോ അസിസ്റ്റന്‍ഡ് റഫറി(വാര്‍)സിസ്റ്റം മുഖേനയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് റഫറി പെനല്‍റ്റി അനുവദിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നുവെന്ന് നെയ്മര്‍ പറയുന്നു.

അത് ഒരിക്കലും പെനാല്‍റ്റിയല്ല, കിമ്പെമ്പെ പുറം തിരിഞ്ഞാണ് നിൽക്കുന്നത്, മനപ്പൂര്‍വമായിരുന്നില്ല ആ ഹാൻഡ്ബോള്‍, സംഭവങ്ങൾ സ്ലോ മോഷനിൽ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത് എന്നും നെയ്മർ പറഞ്ഞു. അതിനു ശേഷം അസഭ്യ വാക്കുകളും നെയ്മർ ഉപയോഗിച്ചു. ഇൻസ്റ്റാഗ്രാമിൽ ആയിരുന്നു നെയ്മറിന്റെ പ്രതികരണം.

അതേസമയം നെയ്മറിന്റെ ഈ വിമർശനത്തിൽ യുവേഫയുടെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. പരിക്കേറ്റ നെയ്മര്‍ വിശ്രമത്തിലാണ്.

Tags:    

Similar News