മൂന്നടിച്ച് മെസി മാജിക്ക്; യുവന്റസിനും ചെല്‍സിക്കും തോല്‍വി
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയില്ലാതെ ഇറങ്ങിയ യുവന്റസ് ജനോവയോട് തോറ്റു
ലയണല്‍ മെസിയുടെ ഹാട്രിക്കില്‍ ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരെ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സ ജയിച്ചത്.
സീരി എയില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയില്ലാതെ ഇറങ്ങിയ യുവന്റസ് ജനോവയോട് തോറ്റു. യുവന്റസിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ടണോട് തോറ്റതോടെ ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് മോഹം തുലാസിലായി.
കഴിഞ്ഞ വര്‍ഷം ക്യാമ്പ്നൌവിലേറ്റ തോല്‍വിക്ക് മധുര പ്രതികാരമായിരുന്നു ബാഴ്സയുടെ ജയം. ഹാട്രിക്കുമായി ലയണല്‍ മെസി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാനെ ഡിഫെന്‍സീവ് സ്പെഷ്യലിസ്റ്റുകളായ റയല്‍ ബെറ്റിസിനായൊള്ളു.
ലൂയിസ് സുവരാസും ബാഴ്സക്കായി ലക്ഷ്യം കണ്ടു. ലോറന്‍സോ മൊറോനിലാണ് ബെറ്റിസിന്റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ പോയന്റ് നിലയില്‍ ലീഡ് 10 ആക്കി ഉയര്‍ത്താനും ബാഴ്സക്കായി. ലീഗില്‍ ഇന്നലെ നടന്ന റയോ വല്ലേസിനോയെ വില്ലാറയല്‍ 3-1 ന് തോല്‍പ്പിച്ചു.
ഇറ്റാലിയന്‍ ലീഗില്‍ 11ാം സ്ഥാനത്തുള്ള ജനോവെക്കെതിരെ അനായസ ജയം തേടിയിറങ്ങിയ യുവന്റസ് 2-0 ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡയെ പുറത്തിരുത്തിയാണ് യുവന്റസ് കളത്തിലിറങ്ങിയത്. സീസണില്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരുടെ ആദ്യ തോല്‍വിയാണിത്.
ലീഗില്‍ നടന്ന മിലാന്‍ ഡെര്‍ബിയില്‍ എസി മിലാനെ 2 ന് എതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മിലാന്‍ തോല്‍പ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള നാപോളി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഉദിനസിനെ തോല്‍പ്പിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഫുള്‍ഹാമിനെ തോല്‍പ്പിച്ച് നിലഭദ്രമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം.
മറ്റൊരു മത്സരത്തില്‍ എവര്‍ടണോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റതോടെ ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് മോഹം തുലാസിലായി. ബുണ്ടസ് ലീഗയില്‍ മെയിന്‍സിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബയേണ്‍ മ്യൂണിക് ലീഗില്‍ ഒന്നാമതെത്തി.