ബ്രസീലിനെ തളച്ച് പനാമ; സ്പെയിനിനും ഇറ്റലിക്കും ജയം
സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലോക കരുത്തരായ ബ്രസീലിനെ സമനിലയില്‍ കുരുക്കി പനാമ. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മുപ്പത്തി രണ്ടാം മിനിറ്റില്‍ ടോളന്റിനോ ലുക്കാസ് പക്വിറ്റയാണ് ബ്രസീലിന് ലീഡ് നല്‍കിയത്. എന്നാല്‍ നാല് മിനിറ്റിനകം തന്നെ മക്കാഡോയിലൂടെ പനാമ ഗോള്‍ മടക്കി. കരുത്തരായ ബ്രസീലിനെ വിജയകരമായി പ്രതിരോധിക്കുകയായിരുന്നു പനാമ.
യൂറോകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇറ്റലി രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെയും സ്പെയിന്‍ 2-1ന് നോര്‍വെയെയും തോല്‍പ്പിച്ചു.
നിക്കോളൊ ബരെല്ലയും മൊയിസ് കീനുമാണ് അസൂറികൾക്കായി
ഗോൾ നേടിയത്. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ഫിൻലാന്റ് വലയിൽ പന്തെത്തിക്കുകയായിരുന്നു ബരെല്ല. ആദ്യ പകുതിയിൽ ഒരു
ഗോളിന് മുന്നിട്ട് നിന്ന ഇറ്റലിക്കായി, 74ാം മിനിറ്റിൽ ഒരിക്കൽ കൂടി വല കുലുക്കി കീൻ ഗോൾ പട്ടിക പൂർത്തിയാക്കി.
നോർവേക്കെതിരെ റോഡ്രിഗോയും സെർജിയോ റാമോസും ലക്ഷ്യം കണ്ടപ്പോൾ, ജോഷ്വാ കിംഗിന്റെ വകയായിരുന്നു നോർവേയുടെ മറുപടി
ഗോൾ. ആദ്യ പകുതിയുടെ 16ാം മിനിറ്റിൽ റോഡ്രിഗോയിലൂടെ മുന്നിലെത്തിയ സ്പെയിനിന്, പക്ഷെ 65ാം മിനിറ്റിൽ പെനാൽറ്റി വഴങ്ങേണ്ടി വരികയായിരുന്നു.
ബോൻ ജോൺസനെ ബോക്സിനുള്ളിൽ വെച്ച് തള്ളിയതിന് ലഭിച്ച പെനാൽറ്റി ജോഷ്വാ കിംഗ് ഗോളാക്കി മാറ്റി. എന്നാൽ സ്പെയിനിന്റെ അൽവാരൊ മൊറാറ്റയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച റാമോസ് ലീഡ് രണ്ടാക്കി കളി അവസാനിപ്പിച്ചു.