സത്യം..! ഫുട്ബോള്‍ ലോകം ഇനി ഈ 19കാരന്‍ ഭരിക്കും
ഭാവി കളിമൈതാനങ്ങളെ ഭരിക്കാന്‍ ശേഷിയുള്ള ജേഡന്‍ സാഞ്ചോക്ക് 19 വയസ്സ് തികഞ്ഞിരിക്കുകയാണ്.
റൊണാള്‍ഡിഞ്ഞോയെ പോലെ കളിക്കണം.. മെസിയും റൊണാള്‍ഡോയും റൊണാള്‍ഡിഞ്ഞോയും ഉയര്‍ത്തിയപോലെ ഒരിക്കല്‍ ബാലന്‍ ഡി ഓര്‍ ഉയര്‍ത്തണം.. അങ്ങനെ നീളുന്നു ജേഡൻ സാഞ്ചോയുടെ ആഗ്രഹങ്ങള്‍. ഭാവി കളിമൈതാനങ്ങളെ ഭരിക്കാന്‍ ശേഷിയുള്ള ജേഡന്‍ സാഞ്ചോക്ക് 19 വയസ്സ് തികഞ്ഞിരിക്കുകയാണ്. ആരാണ് ഈ ജേഡന്‍ സാഞ്ചോ?
ബുണ്‍ഡസ് ലീഗില്‍ എട്ട് ഗോള്‍ നേടുന്ന ആദ്യ യുവതാരം. ഗോള്‍ ഡോട്കോമിന്‍റെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരന്‍. കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ നിറസാന്നിധ്യം.. അങ്ങനെ പോകുന്നു ഈ യുവതാരത്തിന്‍റെ മൈതാനത്തെ കണക്കുകള്‍.
യുവതാരങ്ങളെ ആദ്യ ഇലവനില്‍ ഇറക്കാന്‍ മാനേജര്‍മാര്‍ ഭയപ്പെടുമ്പോള്‍ ഈ സീസണില്‍ 24 മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ച താരം. ബൊറൂസിയ ഡോർട്ട്മുണ്ടിലാണ് സാഞ്ചോ കളിക്കുന്നത്. കാലങ്ങളായി ജർമൻ ലീഗ് ചാമ്പ്യന്മാരായ ബയേണിന് ഭീതി പടര്‍ത്തികൊണ്ടിരിക്കുകയാണ് ഡോർട്ട്മുണ്ട്. അതിൽ അഭേദ്യമായ സാന്നിധ്യമായിരുന്നു ജേഡൻ സാഞ്ചോ. നിലവിൽ ലീഗിൽ 26 മത്സരത്തിനുള്ളിൽ എട്ട് ഗോളും 15 അസിസ്റ്റും ഈ 18കാരൻ സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലും നിറസാന്നിധ്യമായിരുന്നു സാഞ്ചോ.കഴിഞ്ഞ യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ചെക്ക് റിപ്ലബിക്കിനെതിരെ മിന്നും പ്രകടനം കാഴ്ച്ചവെച്ചു.
പൊസിഷനുകള്‍ പൊടുന്നനെ മാറ്റാനുള്ള കഴിവ്, എതിര്‍ പ്രതിരോധത്തെ അനായാസം കബളിപ്പിക്കാനുള്ള പാഠവം, അപകടകരമായ ക്രോസുകള്‍ നല്‍കാനുള്ള മികവ് എല്ലാം ഒത്തുചേര്‍ന്ന വിരളം താരങ്ങളിലൊരാളാണ് സാഞ്ചോ. ഒന്നുറപ്പാണ് ഒരുനാള്‍ സാഞ്ചോ അദ്ദേഹത്തിന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കും.. ലോകഫുട്ബോളര്‍ പുരസ്കാരം ഉയര്‍ത്തും..