‘ഹലോ ബ്രദർ’ ക്യാമ്പയിന്‍റെ ഭാഗമായി ഓസിലും
‘തീവ്രവാദത്തിന് മതമില്ലെന്നും വംശത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള എല്ലാ അക്രമത്തിനെതിരെയും ഒറ്റക്കെട്ടാവണമെന്നും ഓസിൽ പോസ്റ്റിൽ കുറിക്കുന്നു.’
ജർമൻ തുർക്കിഷ് ഫുട്ബോൾ താരം ഓസിൽ സോഷ്യൽ മീഡിയയിലൂടെ ‘ഹലോ ബ്രദർ’ ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ്. സമാധാനവും ഐക്യവും വിളിച്ചോതുന്നതായിരുന്നു ഓസിലിന്റെ പോസ്റ്റ്.
‘തീവ്രവാദത്തിന് മതമില്ലെന്നും വംശത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള എല്ലാ അക്രമത്തിനെതിരെയും ഒറ്റക്കെട്ടാവണമെന്നും ഓസിൽ പോസ്റ്റിൽ കുറിക്കുന്നു.’
നിരപരാധികളായ 50 മുസ്‍ലിങ്ങളെ ന്യൂസിലാന്റ് ക്രൈസ്റ്റ് ചർച്ചിലെ മുസ്‍ലിം പള്ളിയിൽ വെടിവെച്ച് കൊന്ന ഭീകരവാദി ബ്രന്റണ്‍ ടറാന്റിനെയുടെ ആദ്യ ഇരയായ അഫ്ഗാനുകാരനായ ഹാജി ദാവൂദ് നബി ‘ഹലോ ബ്രദർ’ എന്ന് പറഞ്ഞാണ് അദ്ദേഹത്തെ പള്ളിയിലേക്ക് സ്വാഗതം ചെയ്തത്. അത് പിന്നീട് ലോകാടിസ്ഥാനത്തില്‍ സമാധാനത്തിന്‍റെ ക്യാമ്പയിനായി വികസിക്കുകയായിരുന്നു. ആ ക്യാമ്പയിന്റെ ഭാഗമായിരിക്കുകയാണ് ലോക ഫുട്ബോള്‍ താരം ഓസിലും.
മാർച്ച് 15ന് അക്രമം നടന്ന ദിവസം ഓസിൽ ഇങ്ങനെ കുറിച്ചു; ‘ന്യൂസിലാന്റിലെ അക്രമം വല്ലാതെ വേദനിപ്പിക്കുന്നു. ക്രൈസ്റ്റ് ചർച്ചിലെ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഞാൻ എന്റെ സ്നേഹം പങ്കുവെക്കുന്നു.’
കഴിഞ്ഞ വർഷങ്ങളിൽ മുസ്‍ലിം വിരുദ്ധതക്കും കുടിയേറ്റ വിരുദ്ധതക്കുമെതിരെ ശക്തമായ നിലപാടെടുത്ത താരമാണ് ഓസിൽ. തന്റെ തുർക്കിഷ് വേരുകളുടെ പേരിൽ ജർമനിയിൽ വംശീയാധിക്ഷേപങ്ങള്‍ക്ക് ഓസില്‍ നേരത്തെ ഇരയായിട്ടുണ്ട്. തുർക്കി പ്രധാനമന്ത്രി ഉർദുഗാനുമായി താരം കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയുണ്ടായ ഭീകരമായ വംശീയ അക്രമങ്ങള്‍ക്കൊടുവിലാണ് താരം ജർമനി ടീമിൽ നിന്നും വിരമിച്ചത്.