മാസ്മരികം, ഇംഗ്ലണ്ടിന്‍റെ ഈ 18കാരന്‍
താരത്തിന്‍റെ ക്രോസിങ് കൃത്യത 40 ശതമാനമാണ്
എട്ടാം വയസ്സ് മുതല്‍ ചെല്‍സിക്കൊപ്പമുള്ള താരം. കഴിഞ്ഞ പ്രീ സീസണിലാണ് ഈ 18കാരൻ ചെൽസിയുടെ മനം കവരുന്നത്. ഹസാർഡിന്റെ അഭാവത്തിൽ കളം നിറഞ്ഞ് കളിച്ചതോടെ താരത്തെ വിൽക്കാനോ ലോണിന് വിടാനോ ചെല്‍സി തയ്യാറായില്ല. കഴിഞ്ഞ അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ടിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു ഈ യുവതാരം. ഫൈനലിൽ സ്പെയിനിനെ അഞ്ച് ഗോളിന് മുക്കി കിരീടം നേടിയപ്പോള്‍ ഹാട്രിക് സ്വന്തമാക്കി ശ്രദ്ധ നേടിയിരുന്നു കാലം ഹഡ്സണ്‍ ഒഡോയ്.
മികച്ച ക്രോസുകൾ കണ്ടെത്താനാവുന്ന താരമാണ് ഹഡ്സൺ ഒഡോയ്. താരത്തിന്‍റെ ക്രോസിങ് കൃത്യത 40 ശതമാനമാണ്. ചെല്‍സിയില്‍ വില്യനിന്‍റെ 33ഉം പെഡ്രോയുടെ 23ഉം ശതമാനമാണ് ക്രോസിങ് കൃത്യത.
ചെൽസി അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ലക്ഷ്യം കാണാത്ത ഷോട്ടുകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ്പ് ആറ് ക്ലബിൽ ഏറ്റവും മോശം ഷോട്ട് കൃത്യതയുള്ള (33%) ടീം നീലപ്പട തന്നെയാണ്. എന്നാൽ ഹഡ്സൺ ഒഡോയുടെ ഷൂട്ടിങ്ങ് കൃത്യത 60 ശതമാനമാണ്. ഷോട്ടിന്‍റെ കൃത്യതയിലും പെഡ്രോയെക്കാളും വില്യനേക്കാളും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട് ഒഡോയ്. നല്ല സ്പെയ്സ് കണ്ടെത്തി കളിക്കാനാവുന്നതും താരത്തെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും പരീക്ഷണാര്‍ത്ഥം പോലും ഇതുവരെ താരത്തെ ആദ്യ ഇലവനില്‍ ഇറക്കാന്‍ സാറി തയ്യാറായിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ട് കോച്ച് സൌത്‍ഗേറ്റ് ഇന്നലെ മോണ്ടെന്‍ഗ്രോക്കെതിരെ താരത്തെ ഇംഗ്ലണ്ട് ജഴ്സിയില്‍ 90 മിനിറ്റും കളിപ്പിച്ചിരിക്കുന്നു. മത്സരത്തില്‍ മനോഹരമായി കളിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഹഡ്സണ്‍ ഒഡോയ്.
ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ താരത്തെ വിടാതെ പിന്തുടരുന്നുണ്ട്. 30 യൂറോ മില്യൺ താരത്തിനായി ബയേൺ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബയേണിന്റെ വാഗ്ദാനം ചെൽസി നിരസിച്ചുവെന്നും ലിവർപൂൾ താരത്തിനായി നോട്ടമിട്ടിട്ടുണ്ടെന്നും ‘ഡൈലി മിറർ’ റിപ്പോർട്ട് ചെയ്യുന്നു. യുണൈറ്റഡും താരത്തിന്റെ പിറകിലാണിപ്പോള്‍. എന്തായാലും വരും നാളുകളില്‍ ഫുട്ബോള്‍ ലോകത്തെ എണ്ണപ്പെടുന്ന താരം തന്നെയാവും ഹഡ്സണ്‍ ഒഡോയ്.