സൗഹൃദ മത്സരം; ബ്രസീലിനും അര്‍ജന്‍റീനക്കും ജയം
അര്‍ജന്റീന മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം.
സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനക്കും ബ്രസീലിനും ജയം. അര്‍ജന്റീന മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം.
എറെ നാളുകള്‍ക്ക് ശേഷമാണ് ബ്രസീലും ചെക് റിപ്പബ്ലിക്കും തമ്മില്‍ ഏറ്റുമുട്ടിയത്. റോബര്‍ട്ടോ ഫിര്‍മീന്യോയുടെയും ഗബ്രിയേല്‍ ജീസസിന്റെയും ഗോളുകളാണ് ബ്രസീലിനെ ജയത്തിലേക്ക് നയിച്ചത്. ഗബ്രിയേല്‍ ജീസസില്‍ നിന്ന് രണ്ട് ഗോളുകളാണ് പിറന്നത്.
ആദ്യം ഗോളടിച്ചത് ചെക്ക് റിപ്പബ്ലിക്ക് ആണെങ്കിലും ജയിക്കാനായില്ല. 37ാം മിനുറ്റില്‍ ഡേവിഡ് പവേല്‍ക്കയാണ് ബ്രസീല്‍ വല കുലുക്കിയത്. എന്നാല്‍ 49ാം മിനുറ്റില്‍ ഫിര്‍മിന്യോ ബ്രസീലിനെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാനിരിക്കെ ഗ്രബിയേല്‍ ജീസസ്(83,90) മഞ്ഞപ്പടക്ക് ജയം സമ്മാനിക്കുകയായിരുന്നു.
അതേസമയം വെസസ്വേലക്കെതിരായ തോല്‍വിക്ക് ശേഷം അര്‍ജന്റിന മൊറോക്കോയെ തോല്‍പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനക്കായി 83ാം മിനുറ്റില്‍ ഏഞ്ചല്‍ കൊറിയയാണ് ഗോള്‍ നേടിയത്.