വിമര്‍ശകരെ നിര്‍ത്തൂ... ഹിഗ്വെയ്‍ന്‍ ഇനി അര്‍ജന്റീനയുടെ കുപ്പായമണിയില്ല
ഞാന്‍ നേടാതെ പോയ ഗോളുകളാണ് എല്ലാവരും ഓര്‍ക്കുന്നത്. പക്ഷേ അവരാരും ഞാന്‍ നേടിയ ഗോളുകളെ കുറിച്ച് മിണ്ടാറില്ല.
ചെല്‍സിയുടെ അര്‍ജന്റീനിയൻ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്‍ന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. അര്‍ജന്റീനയുടെ ജേഴ്‍സിയില്‍ ഹിഗ്വെയ്‍ന്‍ സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശകരുടെ മുറവിളി ശക്തമായിരിക്കെയാണ് വിരമിക്കല്‍ പ്രഖ്യാപനം വന്നത്.
''അര്‍ജന്റീനയ്ക്കൊപ്പമുള്ള സമയം അവസാനിച്ചിരിക്കുന്നു. ആഴത്തില്‍ ചിന്തിച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. എന്റെ കാഴ്ചപ്പാടും തീരുമാനവും പരിശീലകനെ അറിയിച്ചു കഴിഞ്ഞു'' - ഹിഗ്വെയ്‍ന്‍ പറഞ്ഞു. അര്‍ജന്റീനയുടെ ജേഴ്‍സിയില്‍ 75 മത്സരങ്ങള്‍ കളിച്ചിട്ടുള്ള 31 കാരനായ ഹിഗ്വെയ്‍ന്‍ 31 ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ നൈജീരിയക്കെതിരെയാണ് ഹിഗ്വെയ്‍ന്‍ അവസാനമായി അര്‍ജന്റീനയുടെ കുപ്പായമണിഞ്ഞത്.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി ബൂട്ടഴിക്കുകയാണെന്നും ക്ലബ് ഫുട്‌ബോളില്‍ ചെല്‍സിക്ക് വേണ്ടി തുടര്‍ന്നും കളിക്കുമെന്നും ഹിഗ്വെയ്‍ന്‍ വ്യക്തമാക്കി. 2009 ല്‍ അര്‍ജന്റീനയുടെ ദേശീയ ടീമിലെത്തിയ താരമാണ് ഹിഗ്വെയ്‍ന്‍. 2014 ലോകകപ്പിലും 2016 കോപ്പ അമേരിക്കയിലും ഹിഗ്വെയ്‍ന്‍ അര്‍ജന്റീനക്ക് വേണ്ടി കളിച്ചിരുന്നു.
''ദേശീയ ടീമിനായി ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞു. ഇനി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. ഇനി എന്റെ സമയം മകള്‍ക്ക് വേണ്ടിയുള്ളതാണ്. ഇനി എന്റെ ശ്രദ്ധ ചെല്‍സിയിലാണ്. ഞാന്‍ നേടാതെ പോയ ഗോളുകളാണ് എല്ലാവരും ഓര്‍ക്കുന്നത്. പക്ഷേ അവരാരും ഞാന്‍ നേടിയ ഗോളുകളെ കുറിച്ച് മിണ്ടാറില്ല. ബെല്‍ജിയത്തിനെതിരെ ഞാന്‍ നേടിയ ആ ഗോള്‍ എല്ലാവരും ആഘോഷിച്ചിരുന്നു. അക്കാര്യം എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഒരാളെ നിര്‍ദയം കുറ്റപ്പെടുത്തുമ്പോള്‍ അത് എല്ലാവരെയും വേദനിപ്പിക്കും. എന്നെ നിങ്ങള്‍ കൊത്തിപ്പറിച്ചപ്പോള്‍ എന്റെ കുടുംബം എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഒരു കാര്യം മാത്രം പറയാം, ഞാന്‍ എന്റെ എല്ലാം അര്‍ജന്റീനയ്ക്ക് വേണ്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ വീഴ്ചകള്‍ മാത്രമാണ് എല്ലാവരും പറയൂ...'' ഹിഗ്വെയ്‍ന്‍ പറയുന്നു.
ഏതായാലും ഹിഗ്വെയ്‍ന്റെ വിരമിക്കല്‍ കോപ്പാ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് വന്‍ ക്ഷീണം സമ്മാനിക്കുമെന്നാണ് കരുതപ്പെടുന്നത്.