വീണ്ടും വല കുലുക്കി സലാഹ്; നീലപ്പടയെ തകർത്ത് ലിവർപൂൾ
53ാം മിനിറ്റിലെ സലാഹിന്റെ ലോങ്ങ് റൈഞ്ചറുമാണ് കളിയുടെ ഗതിമാറ്റിയത്..
സലാഹിന്‍റെ എല്ലാ കളിമികവും പുറത്തെടുത്ത മനോഹരഗോളിനാണ് ഇന്ന് ആന്‍ഫീള്‍ഡ് സാക്ഷ്യം വഹിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്ലോപ്പിന്‍റെ ചുവപ്പ്പട ചെൽസിയെ തകർത്തത്. ഇതോടെ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ലിവര്‍പൂള്‍.
ആൻഫീൾഡിൽ ഇരുവരും ഏറ്റുമുട്ടിയ അവസാന ആറ് മത്സരത്തിലും ജയിക്കാൻ ലിവർപൂളിനായിട്ടില്ലായിരുന്നു. എന്നാൽ ഈ സീസൺ ലിവർപൂൾ അസാധാരണ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. അതിന്റെ തുടർച്ച തന്നെയാണ് ഇന്നും കണ്ടത്.
മൂന്ന് മിനിറ്റിനിടയിലാണ് ലിവർപൂൾ മത്സരം സ്വന്തമാക്കിയത്. സമനിലയിൽ കലാശിച്ച ആദ്യപാദത്തിന് ശേഷം ലിവർപൂൾ സുന്ദരമായ നീക്കങ്ങൾ നടത്തിയിരുന്നു. മത്സരത്തിന്റെ 51ാം മിനിറ്റില്‍ സാദിയോ മാനേയുടെ കിടിലൻ ഹെഡ് ഗോളും 53ാം മിനിറ്റിലെ സലാഹിന്റെ ലോങ്ങ് റൈഞ്ചറുമാണ് കളിയുടെ ഗതിമാറ്റിയത്. തൊട്ടുടനെ രണ്ട് മനോഹരമായ അവസരങ്ങൾ ഹസാർഡിന് കിട്ടിയെങ്കിലും ഗോളാക്കിമാറ്റാൻ സാധിച്ചില്ല.
ജയത്തോടെ 85 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു മത്സരം കൈയ്യിലുണ്ടായിരിക്കെ 83 പോയന്റുമായി രണ്ടാം സ്ഥാനത്ത് സിറ്റിയുമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും സിറ്റിയും ഇഞ്ചോടിഞ്ച് പോരാടികൊണ്ടിരിക്കുകയാണ്. പരാജത്തോടെ 34 മത്സരങ്ങളിൽ നിന്നും 66 പോയന്റുമായി നാലാം സ്ഥാനത്താണ് ചെൽസി.