റൊണോയെ കല്ലെറിയുന്നവരേ... ഒരു നിമിഷം
126 ഗോളുകള്‍ അടിച്ചുകൂട്ടി ചാമ്പ്യന്‍സ് ലീഗിലെ എന്നത്തെയും മികച്ച ടോപ് സ്കോററാണ് റൊണാള്‍ഡോ
കഴിഞ്ഞ എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് സെമി കാണാതെ പുറത്താവുന്നത്. 2009-10 സീസണിന് ശേഷം സെമി കാണാതെ താരം പുറത്തായിട്ടില്ല. അതില്‍ തന്നെ തുടരെയുള്ള മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയിട്ടുണ്ട് സാക്ഷാല്‍ റൊണാള്‍ഡോ.
126 ഗോളുകള്‍ അടിച്ചുകൂട്ടി ചാമ്പ്യന്‍സ് ലീഗിലെ എന്നത്തെയും മികച്ച ടോപ് സ്കോററാണ് റൊണാള്‍ഡോ. 110 ഗോളുമായി രണ്ടാം സ്ഥാനത്താണ് മെസി. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ റൊണാള്‍ഡോ 64 ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ മെസി വെറും 42 ഗോളുകള്‍ മാത്രമാണ് നേടിയിട്ടുള്ളൂ. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെ റൊണാള്‍ഡോ 41 ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ 16 ഗോളുകള്‍ മാത്രമാണ് മെസി കണ്ടെത്തിയത്.
ഒരു ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചുകൂട്ടിയ താരവും റൊണോയാണ്. ഒരു സീസണില്‍ 17 ഗോള്‍ നേടിയപ്പോള്‍ മെസിക്ക് 14 ഗോള്‍ മാത്രമാണ് കണ്ടെത്താനായത്.
ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ജയിച്ച താരം, മൂന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും സ്കോര്‍ ചെയ്ത ഏകതാരം, ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരത്തിലും സ്കോര്‍ ചെയ്ത ഏകതാരം, തുടരെ 11 ചാമ്പ്യന്‍സ് ലീഗിലും സ്കോര്‍ ചെയ്ത് താരം, ഇങ്ങനെ നീളുന്നു ഈ താരത്തിന്‍റെ ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡുകള്‍.
അതുകൊണ്ട് തന്നെ റൊണാള്‍ഡോയെ കല്ലെറിയുന്നതിന് മുമ്പ് ആ അതുല്യ പ്രതിഭ കഴിഞ്ഞ കാലത്ത് ഫുട്ബോള്‍ മൈതാനത്ത് വിരിച്ച റെക്കോര്‍ഡുകള്‍ നാം ഓര്‍ക്കേണ്ടതില്ലേ.. എന്തായാലും മെസി അവിസ്മരണീയ പ്രകടനവുമായി തൊട്ടുപിന്നിലുണ്ട്.. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം റൊണാള്‍ഡോയും മെസിയും കാല്‍പന്ത് കളിയെ അടക്കിഭരിച്ചവരാണ്. എന്നാല്‍ നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ പുറത്തായിരിക്കുന്നു. എന്നാല്‍ ആ താരത്തിന്‍റെ പകരം വെക്കാനാവാത്ത പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.