പ്രീമിയര്‍ ലീഗ്; വമ്പന്മാരെ പിച്ചിചീന്തുന്ന ‘ചെന്നായ്കൂട്ടം’
കഴിഞ്ഞ ദിവസം വോള്‍വ്സ് ആഴ്സണലിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു.
കുഞ്ഞു ക്ലബുകളുമായി പരാജയപ്പെടുക, ആദ്യ നാലിൽ ഉൾപ്പെടാൻ പെടാപാട് പെടുന്ന വമ്പന്‍ ടീമുകളുടെ മുഴുവൻ പ്രതീക്ഷകളും തച്ച് തകർക്കുക വോൾവ്സിനെ ഈ സീസണിൽ ആരാധകർ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വോള്‍വ്സ് ആഴ്സണലിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു.
പ്രീമിയർ ലീഗിലെ ബെസ്റ്റ് ആറുമായുള്ള പോരാട്ടം എടുത്ത് പരിശോധിച്ചാലറിയം വോൾവ്സിന്‍റെ അത്ഭുതപ്പെടുത്തുന്ന പ്രകടനം. ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന സിറ്റിയെ 1-1ന് തളച്ചു, രണ്ടാം സ്ഥാനത്ത് കുതിക്കുന്ന ലിവർപൂളിനെ എഫ്.എ കപ്പിൽ നിന്നും പുറത്താക്കി, മൂന്നാം സ്ഥാനത്തുള്ള ടോട്ടനത്തെ 3-1ന് പരാജയപ്പെടുത്തി, നാലാം സ്ഥാനത്തിന് ഇഞ്ചോടിഞ്ച് പോരാടുന്ന ചെൽസിയെയും യുണൈറ്റഡിനെയും 2-1നും ആഴ്സണലിനെ 3-1നും തകര്‍ത്തിട്ടുണ്ട് വോള്‍വ്സ്.
ഈ സീസണിൽ പ്രമോട്ട് ചെയ്ത് പ്രീമിയര്‍ ലീഗിലെത്തിയ ടീമാണ് വോൾവ്സ് എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. 2009-10ന് ശേഷം ആദ്യമായാണ് ഒരു പുതിയതായി പ്രമോട്ട് ചെയ്ത് വരുന്ന ടീം 50ലധികം പോയന്റ് നേടുന്നത്.
എന്നാൽ കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പില്‍ ഉയര്‍ന്ന പോയന്റ് നേടിയാണ് വോൾവ്സ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി പ്രീമിയർ ലീഗിലേക്ക് കടന്നുവരുന്നത്.
അന്ന് ചാമ്പ്യന്‍ഷിപ്പ് നേട്ടത്തെപറ്റി വോൾവ്സ് മാനേജർ എസ്പീറ്റോ സാന്റോ പറഞ്ഞത് ഇങ്ങനെയായിരുന്നു, താനൊരു ഗോൾ കീപ്പറായിരുന്നെങ്കിലും കൂടുതൽ സമയവും ബെഞ്ചിലായിരുന്നു. അത് തനിക്ക് മത്സരം മികച്ച രീതിയിൽ വീക്ഷിക്കാനും സ്പേസ് എവിടെയാണെന്ന് കണ്ടെത്താനുള്ള കഴിവും നൽകി. അതിനാൽ ഞാൻ ഈ കളിയെ അത്രക്ക് ഇഷ്ടപ്പെടുന്നു. മാനേജറായി തുടരുമെന്നുമാണ് കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം പറഞ്ഞത്. ശരിക്കും ഒരു വർഷം തികയുമ്പോൾ പ്രീമിയർ ലീഗിൽ 35 മത്സരങ്ങളിൽ നിന്നും 51 പോയന്റുമായി ഏഴാം സ്ഥാനത്താണ് വോൾവ്സ്.
എന്തായാലും വമ്പന്മാരോടുള്ള അവരുടെ പോരാട്ടം അതിശയിപ്പിക്കുന്നത് തന്നെയാണ്. അടുത്ത സീസണുകളിൽ അത്ഭുതങ്ങൾ കാഴ്ച്ചവെക്കാൻ സാധ്യതയുള്ള ടീമുകളിൽ ഒന്ന് തന്നെയാണ് വോൾവ്സ്.