പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തിലേക്ക്
പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.
ബേണ്‍ലിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തോടടക്കുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റിയുടെ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സി മത്സരം സമനിലയില്‍ പിരിഞ്ഞു. ആഴ്‌സണലിനെ ലെസ്റ്റര്‍ മൂന്ന് ഗോളിന് അട്ടിമറിച്ചു. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡും പരാജയപ്പെട്ടു.
പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. ലിവര്‍പൂളും സിറ്റിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ബേണ്‍ലിക്കെതിരായ ജയം സിറ്റിക്ക് ഒരു പോയിന്റിന്റെ ലീഡ് സമ്മാനിച്ചിരിക്കുകയാണ്. 63ആം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ വിജയശില്‍പിയായത്.
ക്ലാസിക് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. യുണൈറ്റഡിനായി യുവാന്‍ മാട്ടയും ചെല്‍സിക്കായി മാര്‍കോസ് അലോണ്‍സോയും ലക്ഷ്യം കണ്ടു. അതേസമയം, ആഴ്‌സലിനെ ലെസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. ലെസ്റ്ററിനായി ജാമി വാര്‍ഡി രണ്ട് ഗോള്‍ നേടി.
സ്പാനിഷ് ലീഗില്‍ പത്തൊമ്പതാം സ്ഥാനത്തുള്ള റയോ വല്ലക്കാനോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനക്കാരായി ഈ സീസണ്‍ അവസാനിപ്പിച്ചു.