10 വര്‍ഷത്തെ കണക്കുകള്‍ പറയുന്നു, മെസിയുടെ മുന്നില്‍ ക്രിസ്റ്റ്യാനോ കിതയ്ക്കുകയാണ്
മെസിയോ ക്രിസ്റ്റ്യാനോയോ കേമന്‍? വര്‍ഷങ്ങളായി ഫുട്‌ബോള്‍ ആരാധകര്‍ നിരന്തരം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പറയുന്നത് മെസിയേക്കാള്‍ റൊണാള്‍ഡോ ഏറെ പിന്നിലാണെന്നാണ്
ഇത്തവണത്തെ ലാ ലീഗ, ഇറ്റാലിയന്‍ ലീഗ് ലീഗ് കിരീടങ്ങളില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തവരാണ് മെസ്സിയും ക്രിസ്റ്റ്യാനോയും. 10 കിരീടങ്ങള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ലാ ലീഗ കിരീടങ്ങള്‍ എന്ന റെക്കോഡ് നേടിയ മിശിഹാക്ക് സീസണ്‍ കഴിയുന്നതോട് കൂടി ലഭിക്കുന്ന മികച്ച താരത്തിനുള്ള ഹാട്രിക് പുരസ്‌കാരം നേട്ടത്തിന്റെ മാറ്റ് ഇരട്ടിയാക്കുന്നു.
ശനിയാഴ്ച രാത്രി നൗകാമ്പില്‍ കറ്റാലന്‍ പട പന്ത് തട്ടാനിറങ്ങിയത് തങ്ങളുടെ 26ാം കിരീടം ഉറപ്പിച്ചു തന്നെയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ മെസിയുടെ ഗോളില്‍ വാല്‍വര്‍ഡെയും കൂട്ടരും കപ്പില്‍ മുത്തമിട്ടു.
അന്ന് തന്നെ ഇറ്റാലിയന്‍ ഡെര്‍ബിയില്‍ ഇന്റര്‍ മിലാനെതിരെ നേടിയ സമനില ഗോളോടെ റൊണാള്‍ഡോ തന്റെ 600 ക്ലബ് ഗോളുകള്‍ എന്ന ഉജ്ജ്വല നേട്ടത്തിലെത്തി. ഈ സമനിലയോടെ യുവന്റസും ഇറ്റാലിയന്‍ ലീഗ് ജേതാക്കളായി. ക്ലബ് ഗോളുകളുടെ റെക്കോഡ് കണക്കില്‍ മെസി റൊണാള്‍ഡോയുടെ തൊട്ടു പുറകിലുണ്ട്. ബാഴ്‌സയ്ക്കായി 598 ഗോളുകള്‍ മെസി നേടിക്കഴിഞ്ഞു.
കാല്‍പന്തിലെ ഇരു മാന്ത്രികരുടെയും കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ മെസിയുടെ തട്ടിന് തന്നെയാണ് തൂക്കം കൂടുതല്‍ എന്ന് നിസംശയം പറയാം. ഓരോ മെസി ഫാനിനും തലയുയര്‍ത്തി നില്‍ക്കാവുന്ന തരത്തില്‍ തന്നെയായിരുന്നു ഈ അര്‍ജന്റീനക്കാരന്റെ പ്രകടനം.
കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇരു താരങ്ങളുടേയും ലീഗിലെ പ്രകടനം
ഗോളുകള്‍
മെസി-365
റൊണാള്‍ഡോ-333
അസിസ്റ്റുകള്‍
മെസി-135
റൊണാള്‍ഡോ-96
ടോപ് സ്‌കോറര്‍
മെസി-6
റൊണാള്‍ഡോ-3
പ്ലെയര്‍ ഓഫ് ദ ഇയര്‍
മെസി-5
റൊണാള്‍ഡോ-1
മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം
മെസി-182
റൊണാള്‍ഡോ-103
കിരീടം
മെസി-7
റൊണാള്‍ഡോ-3
ഈ കണക്കുകളെല്ലാം കാണിക്കുന്നത് കഴിഞ്ഞ ഒരു ദശാബ്ദകാലത്തില്‍ മെസിയുമായുള്ള ഓട്ടത്തില്‍ റൊണാള്‍ഡോ പിന്നില്‍ തന്നെയാണെന്നാണ്.
ചാമ്പ്യന്‍സ് ലീഗ് നേട്ടത്തില്‍ മുന്‍ റയല്‍ ഫോര്‍വേഡ് തന്നെയാണ് മുന്നില്‍. റോണോ നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ മെസി മൂന്ന് വട്ടം കപ്പുയര്‍ത്തി.
ഇരുവരും അഞ്ച് തവണ വീതം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി എന്നാല്‍ ഇതില്‍ ക്രിസ്റ്റ്യാനോ ആദ്യം നേടിയത് 2008ല്‍ ആയതിനാല്‍ അത് ഈ കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടല്ല. ഇത്തവണ സെമിയില്‍ ലിവര്‍പൂളിനേയും ഫൈനലില്‍ അയാക്‌സിനെയോ സ്പര്‍സിനെയോ തോല്‍പിച്ച് കപ്പുയര്‍ത്തുമെന്നും അതോടെ മെസി തന്റെ ആറാം ബാലണ്‍ ഡി ഓര്‍ നേടുമെന്നുമാണ് മെസി ആരാധകരുടെ പ്രതീക്ഷ.