‘ഒരിക്കലും വിട്ടുകൊടുക്കില്ല’: സലാഹിന്റെ മാസ് എന്‍ട്രി
നെവര്‍ ഗിവ് അപ് (ഒരിക്കലും വിട്ടുകൊടുക്കില്ല) എന്നെഴുതിയ റൗണ്ട് നെക്ക് ടി-ഷര്‍ട്ട് ധരിച്ചാണ് സലാഹ് കളി കാണാനെത്തിയത്.
പരിക്കേറ്റ സൂപ്പര്‍താരം മുഹമ്മദ് സലാഹിന് ബാഴ്‌സലോണക്കെതിരെ ചാമ്പ്യന്‍സ് ലീഗ് സെമിയിലെ രണ്ടാം പാദത്തില്‍ കളിക്കാനായില്ലെങ്കിലും ആന്‍ഫീല്‍ഡില്‍ ഉണ്ടായിരുന്നു. നെവര്‍ ഗിവ് അപ് (ഒരിക്കലും വിട്ടുകൊടുക്കില്ല) എന്നെഴുതിയ റൗണ്ട് നെക്ക് ടി-ഷര്‍ട്ട് ധരിച്ചാണ് സലാഹ് കളി കാണാനെത്തിയത്.
മത്സരം തുടങ്ങും മുമ്പെ ഈ ടി-ഷര്‍ട്ടിലെ വാചകങ്ങള്‍ ഹിറ്റായി. ഈ ചിത്രം ഈജിപ്ഷ്യന്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ക്യാപ്ഷന്‍ ചിത്രത്തില്‍ തന്നെയുണ്ട് എന്ന കുറിപ്പോടെയായിരുന്നു സലാഹ് ഈ ചിത്രം പങ്കുവെച്ചത്. പരിക്കിന്റെ പിടിയിലായിട്ടും ടീമിന് ആത്മവിശ്വാസമേകുന്ന വാചകങ്ങളുമായി കളി കാണാനെത്തിയ സലാഹിനെ അഭിനന്ദിക്കുകയാണ് ലിവര്‍പൂള്‍ ആരാധകര്‍. സലാഹിന് പുറമെ ഫീര്‍മിന്യോക്കും പരിക്ക് കാരണം കളിക്കാനായിരുന്നില്ല.
ആദ്യ പാദത്തില്‍ വാങ്ങിയ മൂന്ന് ഗോളിന്റെ കടവുമായണ് ലിവര്‍പൂള്‍ സ്വന്തം തട്ടകത്ത് മെസിയേയും കൂട്ടരേയും നേരിട്ടത്. എന്നാല്‍ ലിവര്‍പൂള്‍ ഒരിക്കല്‍ കൂടി അത്ഭുതപ്രകടനവുമായി കളംവാണപ്പോള്‍ കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റാണ് ലഭിച്ചത്. മത്സര ശേഷം സഹതാരങ്ങളോടൊപ്പം സലാഹ് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തിനിടെയാണ് സലാഹിന്റെ തലക്ക് പരിക്കേല്‍ക്കുന്നത്.