ബാഴ്സലോണയെ സമനിലയില്‍ തളച്ച് എയ്ബര്‍
ആദ്യ പകുതിയില്‍ മെസ്സിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ മുന്നിലെത്തിയ ബാഴ്സ ലീഡ് കളഞ്ഞ് കുളിക്കുകയായിരുന്നു
ലീഗ് മത്സരങ്ങള്‍ അവസാനിക്കും മുന്‍പേ ചാമ്പ്യന്‍ പട്ടം ചൂടിയ ബാഴ്സലോണയെ സമനിലയില്‍ തളച്ച്, ലീഗിലെ പന്ത്രണ്ടാം സ്ഥാനക്കാരായ എയ്ബര്‍. രണ്ടാം പകുതി ഗോള്‍ രഹിതമായിരുന്ന മത്സരത്തില്‍ ഇരു ടീമുകളും ആദ്യ പകുതിയില്‍ നേടിയ ഗോളിന്‍റെ മികവില്‍ കളി സമനിലയില്‍ അവസാനിക്കുകയാണുണ്ടായത്. ആദ്യ പകുതിയീല്‍ മെസ്സിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ മുന്നിലെത്തിയ ബാഴ്സ ലീഡ് കളഞ്ഞ് കുളിക്കുകയായിരുന്നു.
ഇരുപതാം മിനുട്ടില്‍ പോസ്റ്റിന്‍റെ ഇടത് മൂലയില്‍ നിന്ന് പ്രതിരോധ താരം കുകുറെല്ലയുടെ കടുപ്പമേറിയ ഷോട്ട് ബാഴ്സ ഗോളി സില്ലസനെയും മറികടന്ന് പോസറ്റിലേക്ക് കയറിയപ്പോള്‍ എയ്ബര്‍ ലാലീഗാ ചാമ്പ്യന്‍മാര്‍ക്ക് എതിരെ ലീഡ് നേടി. പക്ഷെ ആ ലീഡിന് അധികം ആയുസുണ്ടായില്ല. മുപ്പത്തിയൊന്നാം മിനുട്ടില്‍ ബോക്സിന് പുറത്ത് നിന്ന് വിദാല്‍ നല്‍കിയ ത്രൂ ബോള്‍ വലയിലെത്തിച്ച് മെസ്സി ബാഴ്സക്ക് വേണ്ടി സമനില പിടിച്ചു. സ്കോര്‍ ഒന്നേ ഒന്ന്.
എന്നാല്‍ മെസ്സി അവിടെ നിര്‍ത്തിയില്ല. സ്വന്തം ഹാഫില്‍ നിന്ന് ജോര്‍ഡി ആല്‍ബ നല്‍കിയ പന്ത് മെസ്സി അനായാസം ഫിനിഷ് ചെയ്തപ്പോള്‍ ബാഴ്സ ലീഡ് നേടി.
എന്നാല്‍ മൈതാനത്തും കടലാസിലും ഒരുപോലെ മികവ് പുലര്‍ത്തുയ എയ്ബര്‍ നാല്‍പത്തിയഞ്ചാം മിനുറ്റില്‍ സമനില പിടിച്ചു. എയ്ബറിന്‍റെ അര്‍ജന്‍റീന്‍ താരം പാബ്ലോ ബ്ലാസിസ് മുപ്പത് വാര അകല നിന്ന് തൊടുത്ത് വിട്ട വോളി മഴവില്ലയകില്‍ ഉയര്‍ന്നിറങ്ങിയപ്പേള്‍ സ്കോര്‍ രണ്ടേ രണ്ട്.
രണ്ടാം പകുതിയില്‍ ഗോള്‍ അകന്നു നിന്നെങ്കിലും എയ്ബര്‍ ബാഴ്സക്ക് ഒപ്പം നിന്നു. ബാഴ്സയുടെ എട്ട് ഷോട്ടുകള്‍ക്കെതിരെ പതിനെട്ട് ഷോട്ടുകളാണ് എയ്ബര്‍ തിരിച്ച് ബാഴ്സ പോസ്റ്റിലേക്കുതിര്‍ത്തത്.