ലോകതാരമാകാന്‍ വാന്‍ഡൈക് ?
പി.എഫ്.എ പ്ലെയര്‍ ഓഫ് ദി ഇയറും പ്രീമിയര്‍ ലീഗിലെ മികച്ച താരവുമായ വാന്‍ഡൈക് ലോകതാരത്തിനുള്ള മത്സരത്തിലേക്ക് താനും യോഗ്യനെന്ന് തെളിയിച്ചു.
ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡൈക്കിനെ ബാലന്‍ ഡി ഓറിന് നിര്‍ദേശിച്ച് ആരാധക ലോകം. 2006 ല്‍ ഇറ്റലിയെ ലോകചാമ്പ്യന്മാരാക്കിയ നായകന്‍ ഫാബിയോ കന്നവാരോ നേടിയ ലോക ഫുട്ബോളര്‍ പട്ടം മറ്റൊരു പ്രതിരോധനിര താരം നേടുമോ എന്ന ആകാംശയിലാണ് ഫുട്ബോള്‍ പ്രേമികള്‍.
ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ രണ്ടാം സ്ഥാനവും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വാന്‍ഡൈക് വഹിച്ചത്. പി.എഫ്.എ പ്ലെയര്‍ ഓഫ് ദി ഇയറും പ്രീമിയര്‍ ലീഗിലെ മികച്ച താരവുമായ വാന്‍ഡൈക് ലോകതാരത്തിനുള്ള മത്സരത്തിലേക്ക് താനും യോഗ്യനെന്ന് തെളിയിച്ചു.
2018 ജനുവരിയില്‍ റെക്കോഡ് തുകക്ക് സതാംപ്ടനില്‍ നിന്നും ആന്‍ഫീല്‍ഡിലേക്ക് വാന്‍ഡൈകിനെ ക്ലോപ്പ് കൊണ്ടുവന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെയാണ്. ഒരു പ്രതിരോധനിര താരത്തിന് 75 ദശലക്ഷം പൌണ്ട് നല്‍കേണ്ട കാര്യമില്ലെന്ന് ക്ലോപ്പിനെ പലരും വിമര്‍ച്ചു. എന്നാല്‍ ക്ലോപ്പ് തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പ്രതിരോധത്തിലെ മികച്ച പ്രകടനം കൊണ്ടാണ് വാന്‍ഡൈക് നന്ദി അറിയിച്ചത്.
ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് കലാശപോരാട്ടത്തിലേക്കും പ്രീമിയര്‍ ലീഗ് നാലാം സ്ഥാനവും ലിവര്‍പൂളിന് നേടി കൊടുത്താണ് വാന്‍ഡൈക് വിമര്‍ശകരുടെ വായടപ്പിച്ചത്.
രണ്ടാം സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനവും ലിവര്‍പൂള്‍ നേടിയപ്പോള്‍ പ്രതിരോധ നിരയിലെ തന്‍റെ സ്ഥാനം എന്താണെന്ന് തെളിയിച്ചു ഡച്ച് താരം. ഈ സീസണില്‍ ലിവര്‍പൂള്‍ ആകെ വഴങ്ങിയത് ഒരു തോല്‍വി മാത്രമാണ്.
എന്നാല്‍ ലോകഫുട്ബോളര്‍ പുരസ്കാരത്തിന് യോഗ്യന്‍ മെസിയാണെന്ന അഭിപ്രായമാണ് വാന്‍ഡൈകിനുള്ളത്. 'മെസിയാണ് മികച്ച താരം. ബാലന്‍ ഡി ഓറിന് അദ്ദേഹമാണ് യോഗ്യന്‍. എന്നെക്കുറിച്ച് ആലോചിക്കുന്നില്ല. എന്നാല്‍ പുരസ്കാരം തേടിയെത്തിയാല്‍ സ്വീകരിക്കും’. വാര്‍ത്തസമ്മേളനത്തില്‍ വാന്‍ഡൈക് അഭിപ്രായപ്പെട്ടു.