വിവാഹദിനം 1000 കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് ഓസിലും ഭാര്യയും
ഇതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം കുട്ടികള്‍ക്ക് ദൈവദൂതനാകുകയായിരുന്നു ഓസില്‍.
ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസിലിന് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമായിരുന്നു ഇന്നലെ. അമൈന്‍ ഗുല്‍സെയെ ജീവിതപങ്കാളിയായി ഓസില്‍ കൂടെക്കൂട്ടിയ ദിനം. ഇന്നലെയായിരുന്നു ഓസില്‍ - അമൈന്‍ വിവാഹം.
ഇതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം കുട്ടികള്‍ക്ക് ദൈവദൂതന്‍ കൂടിയാകുകയായിരുന്നു ഓസില്‍. ആയിരം കുഞ്ഞുങ്ങളുടെ ചികിത്സാചെലവ് ഏറ്റെടുത്ത് ഓസിലും അമൈനും കാരുണ്യത്തിന്റെ മാതൃകകളായി. ഈ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയക്കുള്ള ചെലവാണ് നവദമ്പതിമാര്‍ വഹിക്കുക. കുട്ടികളുടെ ചികിത്സാചെലവ് ഏറ്റെടുത്തതു പോലെ സംഭാവനകള്‍ നല്‍കാനും ഓസില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച ഓസിലിന്‍റെ വിവാഹ ചടങ്ങില്‍ അദ്ദേഹത്തിനൊപ്പം ബെസ്റ്റ് മാന്‍ ആയി കൂടെ നിന്നത് തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാനാണ്. ഉര്‍ദുഗാന്‍റെ സാന്നിധ്യം ചില വിവാദങ്ങള്‍ക്കും തിരി തെളിച്ചിട്ടുണ്ട്.
മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും ഒരുപാട് ഉദാഹരണങ്ങള്‍ ഓസിലിന്റെ പേരിലുണ്ട്. 2014 ല്‍ ലോകകപ്പ് ജയത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്നു ലഭിച്ച രണ്ടര ലക്ഷം പൌണ്ട്, ബ്രസീലിലെ 23 കുട്ടികളുടെ ശസ്ത്രക്രിയകള്‍ക്കായി ഓസില്‍ സംഭാവന നല്‍കിയിരുന്നു.