ബ്രസീലിന്റെ ആ ഗോളടിക്കാരനെ നോട്ടമിട്ട് വമ്പന്‍ ക്ലബ്ബുകള്‍
കോപ്പയിലെ ഈ ഗോളോടെ താരത്തിന്റെ റേഞ്ച് ഒന്നുകൂടി ഉയര്‍ന്നു. ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, എന്നിവരാണ് താരത്തിന്റെ പിന്നാലെയുണ്ടായിരുന്നത്.
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയക്കെതിരെ തകര്‍പ്പന്‍ ഗോള്‍ നേടിയ ബ്രസീല്‍ മുന്നേറ്റക്കാരന്‍ എവര്‍ട്ടനെ തേടി വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത്. നേരത്തെ തന്നെ താരത്തെ സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ വലവീശിയിരുന്നു. കോപ്പയിലെ ഈ ഗോളോടെ താരത്തിന്റെ റേഞ്ച് ഒന്നുകൂടി ഉയര്‍ത്തി. ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, എന്നിവരാണ് താരത്തിന്റെ പിന്നാലെയുണ്ടായിരുന്നത്. ഇപ്പോഴിതാ ആഴ്‌സണലും രംഗത്ത് എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
അതേസമയം എവര്‍ട്ടന് ഇറ്റാലിയന്‍ ലീഗിലേക്ക് ചേക്കാറാനായിരുന്നു താല്‍പര്യം. പക്ഷേ ട്രാന്‍സ്ഫറിലെ പ്രശ്‌നം താരത്തിന്റെ ആഗ്രഹത്തിന് വിലങ്ങ് തടിയായി. പ്രായം 23 ആയിട്ടുള്ളൂവെങ്കിലും നെയ്മറിന്റെ പിന്‍ഗാമിയായി താരത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. ബ്രസീലിലെ പോര്‍ട്ടോ അലഗ്രോ കേന്ദ്രമായി കളിക്കുന്ന ഗ്രീമിയോ ക്ലബ്ബിന്റെ താരമാണിപ്പോള്‍ എവര്‍ട്ടന്‍. കോപ്പയിലെ മത്സരത്തില്‍ പകരക്കാരനായി കളത്തിലറങ്ങിയ താരം കണ്ണഞ്ചിപ്പിക്കുന്നൊരു ഗോളുമായാണ് മടങ്ങിയത്.
Gremio's speedy winger, Everton Soares scores with a wonderful strike to make it 3-0 to Brazil against Bolivia. #CopaAmerica #BRAxBOL #JogaBolapic.twitter.com/AgRAyVsYl2
— Roro O'Monstro.™ (@Roromeo_MUFC10) June 15, 2019
ബോക്‌സിന് വെളിയില്‍ ഇടതുവിങ്ങില്‍ നിന്ന് പോസ്റ്റിന് സമാന്തരമായി ബൊളീവിയന്‍ പ്രതിരോധത്തെ കട്ട് ചെയ്ത് എവര്‍ട്ടന്‍, മനോഹര നീക്കത്തിനൊടുവില്‍ സുന്ദരമായൊരു ലോങ് റേഞ്ചര്‍ പായിച്ചത് പോസ്റ്റിന്റെ വലത് മൂലയിലേക്ക്. ഗോള്‍കീപ്പര്‍ക്ക് കാഴ്ചക്കാരനായി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. ഗ്രീമിയോ ക്ലബ്ബില്‍ 2018 സീസണില്‍ 16 ഗോളുകളാണ് താരം നേടിയത്. ഈ ഗോളടി മികവാണ് താരത്തെ ശ്രദ്ധേയമാക്കുന്നതും ബ്രസീല്‍ ടീമിലേക്കുള്ള വിളിയിലേക്ക് എത്തിക്കുന്നതും.
ഏതായാലും കോപ്പയിലെ ആ മനോഹര ഗോളോടെ ട്വിറ്ററിലും താരം തരംഗമാവുകയാണ്. എവര്‍ട്ടനെക്കുറിച്ച് എന്തെങ്കിലും അറിയുമോ, അറിയാമെങ്കില്‍ പങ്കുവെക്കൂ തുടങ്ങി ട്വീറ്റുകളും പ്രവഹിക്കുന്നുണ്ട്. താരത്തെ തങ്ങളുടെ ടീമിലേക്ക് സ്വാഗതം ചെയ്ത് ആരാധകര്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിക്കഴിഞ്ഞു.