പന്തിന് ധോണിയുടെ ‘സ്‌പെഷല്‍ക്ലാസ്’
പന്തിനൊപ്പം മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ്കാര്‍ത്തികും ഓള്‍റൗണ്ടറായ വിജയ് ശങ്കറുമാണ് ടീമില്‍ ഇടം നേടാനായി മത്സരിക്കുന്നത്.
ഓപണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് ഋഷഭ് പന്തിന് ലോകകപ്പ് ടീമിലേക്കുള്ള വിളി വന്നത്. ഇതോടെ ഇംഗ്ലണ്ടിലേക്ക് പറന്ന പന്ത് ശനിയാഴ്ച്ച മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം പരിശീലനവും നടത്തി. ഇതിനിടെ മഹേന്ദ്രസിങ് ധോണിയുടെ പ്രത്യേക ക്ലാസും പന്തിന് ലഭിച്ചു.
മഴ മുന്നറിയിപ്പുണ്ടായിരുന്ന മാഞ്ചസ്റ്ററില്‍ ശനിയാഴ്ച്ച രാവിലെ മുതല്‍ തന്നെ ഇന്ത്യന്‍ സംഘം പരിശീലനത്തിനിറങ്ങിയിരുന്നു. നീണ്ട നേരം പന്ത് ഫീല്‍ഡില്‍ ടീമിനൊപ്പം ചെലവഴിക്കുകയും ചെയ്തു. ഇതിനിടെയാണ് അനുഭവസമ്പന്നനായ മഹേന്ദ്രസിംങ് ധോണി ഇന്ത്യന്‍ ടീമിലെ ബേബിയായ 21കാരന്‍ പന്തിന് നിര്‍ണ്ണായകമായ ചില ടിപ്പുകള്‍ നല്‍കിയത്.
ശിഖര്‍ധവാന് വിശ്രമം അനുവദിച്ചതോടെ കെ.എല്‍ രാഹുലായിരിക്കും രോഹിത് ശര്‍മ്മക്കൊപ്പം ഇന്ത്യന്‍ ഇന്നിംങ്‌സ് ഓപണ്‍ ചെയ്യുക. അപ്പോള്‍ ഒഴിവുവരുന്ന നാലാം നമ്പറിലേക്കാണ് പുതിയ താരത്തെ പരിഗണിക്കുന്നത്. പന്തിനൊപ്പം മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ്കാര്‍ത്തികും ഓള്‍റൗണ്ടറായ വിജയ് ശങ്കറുമാണ് ടീമില്‍ ഇടം നേടാനായി മത്സരിക്കുന്നത്. ആസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ധവാന് മൂന്ന് മത്സരങ്ങളാണ് നഷ്ടമാവുക.