ഇക്വഡോറും ജപ്പാനും കോപ്പയ്ക്ക് പുറത്ത്
ജയം അനിവാര്യമായിരുന്നു. ആ ലക്ഷ്യത്തിലേക്ക് ഇരു ടീമുകളും പൊരുതി. ഒപ്പത്തിനൊപ്പം നിന്നു.
ഇക്വഡോറും ജപ്പാനും കോപ്പ അമേരിക്കയില്‍ നിന്ന് പുറത്തായി. നിര്‍ണായക മത്സരത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നായി പരാഗ്വെ ക്വാര്‍ട്ടറിലെത്തി.
ജയം അനിവാര്യമായിരുന്നു. ആ ലക്ഷ്യത്തിലേക്ക് ഇരു ടീമുകളും പൊരുതി. ഒപ്പത്തിനൊപ്പം നിന്നു. പക്ഷേ ആരുമാരും മുന്നേറിയില്ല. ആക്രമണ പ്രത്യാക്രമണങ്ങളുടെ നിമിഷങ്ങള്‍. പതിനഞ്ചാം മിനിട്ടില്‍ നകാജിമയിലൂടെ ജപ്പാന്‍ മുന്നിലെത്തി. ജപ്പാനെ അധികം ആഘോഷിക്കാന്‍ അനുവദിക്കാതെ ഇക്വഡോര്‍. മുപ്പത്തിയഞ്ചാം മിനിട്ടില്‍ സമനില ഗോള്‍. എയ്ഞ്ചല്‍ മെനയിലൂടെ.
പിന്നെ ഗോളൊഴിഞ്ഞു. 16 ഷോട്ട് വീതം എതിര്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി ഇരു ടീമുകളും ഉതിര്‍ത്തു. പക്ഷേ ലക്ഷ്യം മാത്രം അകന്നു നിന്നു. ഇക്വഡോര്‍-ജപ്പാന്‍ മത്സരം സമനിലയിലായതോടെ ലോട്ടറിയടിച്ചത് പരാഗ്വെക്ക്. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നായി ക്വാര്‍ട്ടറിലേക്ക്. ജപ്പാനും പരാഗ്വെക്കും രണ്ട് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരി പരാഗ്വെയെ തുണച്ചു.