ഇനിയും ഉറക്കെ ‘വാമോസ്’; തലയുയര്‍ത്തി അര്‍ജന്‍റീന സെമിയിലേക്ക്
രണ്ടാം ഗോളിന് ശേഷം മിശിഹാക്കും അനുചരന്മാര്‍ക്കും സെമിയിലേക്കുള്ള വാതില്‍ തുറന്നുകൊടുക്കുകയല്ലാതെ വെനുസ്വേലക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല
ഫുട്ബോള്‍ ആരാധകര്‍ക്ക് വരുന്ന ചൊവ്വാഴ്ച്ച സ്വപ്ന തുല്യമായ ദിനം. കോപ അമേരിക്ക സെമി ഫൈനലില്‍ മെസിയുടെ അര്‍ജന്‍റീനയും ബ്രസീലിന്‍റെ കാനറി പക്ഷികളും തമ്മില്‍ ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന വെനുസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് അടിയറവ് പറയിച്ചു. മാറക്കാനയില്‍ മിശിഹാക്കും സംഘത്തിനും സ്തുതി ഗീതങ്ങള്‍ ഉറക്കെ മുഴങ്ങി.
ആദ്യ പകുതിയില്‍ തന്നെ കടുത്ത ആക്രമണമാണ് അര്‍ജന്‍റീന കാഴ്ചവച്ചത്. അതിന് പത്താം മിനുറ്റില്‍ തന്നെ ഫലം കണ്ടു. ലൌടാറോ മാര്‍ടീനസിന്‍റെ ബൂട്ടുകളില്‍ നിന്നും അര്‍ജന്‍റീനക്കായി ആദ്യ ഗോള്‍ പിറന്നു. തുടക്കത്തില്‍ നേടിയ ആധിപത്യം കൈവിട്ട് പോകാതെ മെസിയുടെ നീലചെകുത്താന്മാര്‍ പന്ത് തട്ടി. ആദ്യ പകുതിയുടെ അവസാനം സ്കോര്‍ 1-0.
ഇന്നുവരെ കണ്ട അര്‍ജന്‍റീനയായിരുന്നില്ല വെനുസ്വേലക്കെതിരെ മക്കാന സാക്ഷ്യം വഹിച്ചത്. പോരാട്ടവീര്യമുള്ള പടയാളികള്‍ എന്തോ മനസില്‍ ഉറപ്പിച്ചിട്ട് തന്നെയായിരുന്നു.
രണ്ടാം പകുതിയില്‍ പൊസെഷന്‍ കൂടുതലും വെനിസ്വേല കൈക്കലാക്കി. എങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ പൊടിഞ്ഞ് പോയ പ്രതിരോധ നിര പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നപ്പോള്‍ വെനുസ്വേലന്‍ മുന്നേറ്റങ്ങള്‍ ലക്ഷ്യം കാണാതെ മറഞ്ഞു.
ലഭിച്ച അവസരം മുതലെടുത്ത് ഡിമരിയയുടെ മുന്നേറ്റം. കിക്ക് ഗോളി തടുത്തെങ്കിലും ഓടിവന്ന ആ ഇരുപതാം നമ്പര്‍ ജേഴ്സിക്കാരന്‍ വെനുസ്വേലന്‍ ഗോള്‍മുഖത്തേക്ക് പന്ത് കടത്തി. എഴുപത്തിനാലാം മിനുറ്റില്‍ ലോ സെല്‍സോയിലൂടെ രണ്ടാം അര്‍ജന്‍റീനിയന്‍ ഗോള്‍ പിറന്നു. സ്കോര്‍ 2-0.
അതിനുശേഷം, മിശിഹാക്കും അനുചരന്മാര്‍ക്കും സെമിയിലേക്കുള്ള വാതില്‍ തുറന്നുകൊടുക്കുകയല്ലാതെ വെനുസ്വേലക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അഞ്ച് മിനിറ്റ് എക്ട്രാ ടൈമും കഴിഞ്ഞ് വിസില്‍ മുഴങ്ങിയപ്പോള്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഫൈനലിനേക്കാള്‍ വലിയ കാത്തിരിപ്പിന് തുടക്കമായി. ബ്രസീല്‍ X അര്‍ജന്‍റീന കോപ അമേരിക്ക സെമി ഫൈനല്‍.
കളിയില്‍ 60 ശതമാനം പൊസെഷനും വെനുസ്വേലക്കായിരുന്നു. എങ്കിലും ഒരേയൊരു തവണ മാത്രമാണ് അവര്‍ക്ക് ഗോള്‍ മുഖത്തേക്ക് പന്ത് പായിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ അര്‍ജന്‍റീനയാകട്ടെ, ഏഴ് തവണ ഗോളിനായി നിറയൊഴിച്ചു. ആറ് തവണയാണ് റെഫറിക്ക് മഞ്ഞ കാര്‍ഡ് കാണിക്കേണ്ടി വന്നത്. നാല് തവണ വെനുസ്വേലയും രണ്ട് തവണ അര്‍ജന്‍റീനയും അത് ഏറ്റുവാങ്ങി.