കോപ്പയില്‍ അര്‍ജന്റീനക്ക് ക്വാര്‍ട്ടര്‍ പരീക്ഷ
ഇതുവരെ കളിച്ച കളി മതിയാവില്ല അര്‍ജന്റീനയ്ക്ക് മുന്നോട്ടുപോകാന്‍.
കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീന നാളെ വെനിസ്വേലയെ നേരിടും. പുലര്‍ച്ചെ 12.30നാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെ മെസിയും സംഘവും താളം കണ്ടെത്തിയിട്ടില്ല.
ഇതുവരെ കളിച്ച കളി മതിയാവില്ല അര്‍ജന്റീനയ്ക്ക് മുന്നോട്ടുപോകാന്‍. മുന്നേറ്റത്തില്‍ ഖത്തറിനെതിരെ കളിച്ച മെസി, അഗ്യൂറോ, ലൌതാരോ മാര്‍ട്ടിനെസ് ത്രയം തന്നെയാകും അണി നിരക്കുക.
മധ്യനിരയിലേക്ക്, ലോസെല്‍സോയെയോ ഡീപോളിനെയോ പുറത്തിരുത്തി മാര്‍ക്കസ് അക്യൂണയ്ക്ക് ആദ്യ ഇലവനില്‍ അവസരം നല്‍കും. പ്രതിരോധത്തില്‍ ജെര്‍മന്‍ പെസെല്ല തിരിച്ചെത്തും.
കോപ്പ അമേരിക്കയില്‍ വെനിസ്വേലയ്ക്കെതിരായ മികച്ച റെക്കോര്‍ഡ് അര്‍ജന്റീനയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. അഞ്ച് തവണ ഏറ്റുമുട്ടിയപ്പോളും ജയം അവര്‍ക്കൊപ്പമായിരുന്നു. പക്ഷെ ബ്രസീലിനെ സമനിലയില്‍ തളച്ചെത്തുന്ന വെനിസ്വേലയെ അവഗണിക്കാനാവില്ല.
അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും അവര്‍ അര്‍ജന്റീനയോട് തോറ്റിട്ടില്ല. മാത്രമല്ല ഒരു ജയവും അവരുടെ പേരിലുണ്ട്. മെസി നയിക്കുന്ന ആക്രമണത്തിന് പ്രതിരോധം തീര്‍ത്ത് കൌണ്ടര്‍ അറ്റാക്കുകളാകും വെനിസ്വേലയുടെ തന്ത്രം ജോണ്‍മുറിയോയും സലോമണ്‍ റണ്ടോനും നയിക്കുന്ന ആക്രമണ നിര അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് കെല്‍പ്പുള്ളവരാണ്.