പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഉറുഗ്വെ വീണു; പെറു സെമിയിലേക്ക്
ഷൂട്ടൗട്ടില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂയി സുവാരസ് കിക്ക് പാഴാക്കി.
കോപ്പ അമേരിക്കയില്‍ ഉറുഗ്വായെ തോല്‍പ്പിച്ച് പെറു സെമി ഫൈനലില്‍. ആവേശകരമായ മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് പെറു വിജയം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂയി സുവാരസ് കിക്ക് പാഴാക്കി. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ചിലിയാണ് പെറുവിന്‍റെ എതിരാളികള്‍. ഉറുഗ്വെ മൂന്ന് പ്രാവശ്യം പെറുവിന്റെ വല കുലുക്കിയെങ്കിലും വാര്‍ കുരുക്കി. മൂന്നും ഓഫ്‌സൈഡായിരുന്നു. ഇതിലൊന്ന് സുവാരസിന്റെ വകയായിരുന്നു.
ക്വാര്‍ട്ടറിലെ നാലില്‍ മൂന്നാം മത്സരവും അവസാനിച്ചത് ഷൂട്ടൗട്ടില്‍. ആ അതിസമ്മര്‍ദ്ദം അതിജീവിച്ചു പെറു. കിരീടപ്രതീക്ഷയോടെയെത്തിയ ഉറുഗ്വായ്ക്ക് മടങ്ങാം. ഗോള്‍ രഹിതമായിരുന്നു മത്സരം. കൂടുതല്‍ ആക്രമണങ്ങള്‍ കരുപ്പിടിപ്പിച്ചത് ഉറുഗ്വായ്. പെറു പ്രതിരോധം ഇളകിയില്ല. ഇടക്ക് പെറുവിന്‍റെ ചില മികച്ച നീക്കങ്ങള്‍. കൗണ്ടര്‍ അറ്റാക്കുകള്‍.
ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ മുസ്ലേരയുടെ കരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു ഉറുഗ്വായ്. എന്നാല്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ സുവാരസ് തന്നെ ആദ്യ കിക്ക് പാഴാക്കിയത് സമ്മര്‍ദ്ദമായി. തുടര്‍ന്നുള്ള അവസരങ്ങളെല്ലാം ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. പെറുവിനായി അഞ്ചാം കിക്കെടുത്ത എഡിസണ്‍ ഫ്ലോറസിന്റെ കിക്കും മുസ്ലേരയെ കടന്ന് വലയിലേക്ക്. ആവേശ ജയം പെറുവിന്.