ബെക്കറെ തുളയ്ക്കാന്‍ മെസി, മിശിഹായെ തളയ്ക്കാന്‍ ബെക്കര്‍
കഴിഞ്ഞ സീസണില്‍ ബാഴ്സലോണയ്ക്കായി മെസി അടിച്ചുകൂട്ടിയത് 51 ഗോളുകള്‍. ഗോള്‍ വേട്ടയില്‍ മെസിയെ വെല്ലാന്‍ യൂറോപ്യന്‍ ലീഗുകളില്‍ ആരുമുണ്ടായില്ല.
ലയണല്‍ മെസിയും അലിസണ്‍ ബെക്കറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാകും ബ്രസീല്‍- അര്‍ജന്റീന മത്സരം. സീസണില്‍ ഗോളടിച്ച് കൂട്ടിയാണ് മെസിയുടെ വരവ്. ലിവര്‍പൂളിന് ചാന്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്താണ് അലിസണ്‍ പോരിനിറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ ബാഴ്സലോണയ്ക്കായി മെസി അടിച്ചുകൂട്ടിയത് 51 ഗോളുകള്‍. ഗോള്‍ വേട്ടയില്‍ മെസിയെ വെല്ലാന്‍ യൂറോപ്യന്‍ ലീഗുകളില്‍ ആരുമുണ്ടായില്ല. അതേ മികവ് കോപ്പയില്‍ ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് ഒരുഗോള്‍. ഒരു അസിസ്റ്റ് പോലുമില്ല.
പക്ഷെ മെസിയ്ക്ക് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നത് ബ്രസീല്‍ പ്രതിരോധം കാക്കുന്ന തിയാഗോ സില്‍വയാണ്. എക്കാലത്തെയും മികച്ച താരം മെസിയാണെന്ന് മുന്‍ ബ്രസീല്‍ നായകന്‍ സംശയലേശമന്യേ പറയുന്നു. ആ മെസിക്ക് തടയിടാനുള്ള തയ്യാറെടുപ്പിലാണ് അലിസണ്‍ ബെക്കര്‍. ടൂര്‍ണമെന്റില്‍ ഇതുവരെ ബെക്കറെ മറികടന്ന് ഒരു പന്ത് ബ്രസീല്‍ വല കുലുക്കുയിട്ടില്ല. പരാഗ്വെയ്ക്ക് എതിരെ ഷൂട്ടൌട്ടില്‍ ജയം സമ്മാനിച്ചതും ബെക്കറുടെ മികവ്.
എന്നാല്‍ ചാന്പ്യന്‍സ് ലീഗ് സെമിയില്‍ ആദ്യ പാദത്തില്‍ ബെക്കറെ മറികടന്ന് ലിവര്‍പൂളിന്റെ വലയില്‍ മെസി രണ്ട് തവണ പന്തെത്തിച്ചു. രണ്ടാം പാദത്തില്‍ ബെക്കര്‍ അതിന് പ്രായശ്ചിത്തം ചെയ്തു. ഒരിക്കല്‍ കൂടി മുഖാമുഖം വരുന്പോള്‍ ആരു ചിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം.