ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്: ഇന്ത്യയെ 2-5ന് തോല്‍പിച്ച് ഉത്തരകൊറിയ
ആദ്യ പകുതി പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് ഗോളുകള്‍ക്ക് പിറകിലായിരുന്നു.
ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യയെ 2-5ന് ഉത്തരകൊറിയ തോല്‍പിച്ചു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അസ്തമിച്ചു. ആദ്യ മത്സരം ഇന്ത്യ താജികിസ്താനോട് തോറ്റിരുന്നു.
എട്ടാം മിനുറ്റില്‍ ക്യാപ്റ്റന്‍ ജോങ് ഇല്‍ ഗ്വാനിലൂടെയാണ് ഉത്തരകൊറിയ ആദ്യ ഗോള്‍ നേടിയത്. പതിനാറാം മിനുറ്റില്‍ രണ്ടാം ഗോളും 28ആം മിനുറ്റില്‍ മൂന്നാം ഗോളും നേടി. ആദ്യ പകുതി പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് ഗോളുകള്‍ക്ക് പിറകിലായിരുന്നു.
രണ്ടാം പകുതിയില്‍ 51ആം മിനുറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ മറുപടിഗോള്‍ പിറന്നത്. ഛേത്രിയുടെ പാസില്‍ നിന്നും ലാലിയാന്‍സുവാലയായിരുന്നു ഗോള്‍ നേടിയത്. 63ആം മിനുറ്റില്‍ രി ചോലിലൂടെ വടക്കന്‍ കൊറിയ ലീഡ് 4-1 ആക്കി ഉയര്‍ത്തി. 71ആം മിനുറ്റില്‍ ഇന്ത്യ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും 92ആം മിനുറ്റിലെ ഗോളോടെ ഉത്തരകൊറിയ ഗോള്‍പട്ടിക അവസാനിപ്പിച്ചു.