നെയ്മറെ ബാഴ്‌സയിലെത്തിക്കാന്‍ ചരടുവലിക്കുന്നത് മെസി
“മെസിയൊന്ന് തുമ്മിയാല്‍ ബാഴ്‌സലോണക്ക് ജലദോഷം പിടിക്കും. നെയ്മറിനെ വേണമെന്ന് മെസി ആവശ്യപ്പെട്ടാല്‍ ബാഴ്‌സലോണക്ക് അത് തള്ളിക്കളയാനാകില്ല”
നെയ്മറെ ബാഴ്‌സലോണയില്‍ തിരികെയെത്തിക്കാനുള്ള പദ്ധതിക്ക് പിന്നിലെ ബുദ്ധികേന്ദ്രം ലയണല്‍ മെസിയാണെന്ന് സ്പാനിഷ് ഫുട്‌ബോള്‍ എക്‌സ്പര്‍ട്ടായ ഗ്രഹാം ഹണ്ടര്‍. സ്‌കൈ സ്‌പോര്‍ട്‌സ് ന്യൂസിനോട് ഫുട്‌ബോള്‍ ട്രാന്‍സ്ഫറിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഗ്രഹാം ഹണ്ടറുടെ പരാമര്‍ശങ്ങള്‍. രണ്ട് വര്‍ഷം മുമ്പാണ് ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ പി.എസ്.ജിയിലെത്തിയത്.
'ഇപ്പോള്‍ നെയ്മറെ ബാഴ്‌സലോണയിലെത്തിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ മെസിയാണ്. മെസിയൊന്ന് തുമ്മിയാല്‍ ബാഴ്‌സലോണക്ക് ജലദോഷം പിടിക്കും. നെയ്മറിനെ വേണമെന്ന് മെസി ആവശ്യപ്പെട്ടാല്‍ ബാഴ്‌സലോണക്ക് അത് തള്ളിക്കളയാനാകില്ല. സുവാരസും മെസിയും നെയ്മറും തികച്ചും വ്യത്യസ്ഥ സ്വഭാവക്കാരായിരുന്നെങ്കിലും അവര്‍ക്കിടയില്‍ മികച്ച സൗഹൃദമുണ്ട്. തന്റെ കളിയെ കൂടുതല്‍ സഹായിക്കുന്ന സഹതാരങ്ങളെയാണ് മെസിക്കാവശ്യം. നേരത്തെ ഈ മൂവര്‍സംഘം സജീവമായിരുന്നപ്പോഴാണ് ബാഴ്‌സലോണ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നത്' സ്‌കൈ സ്‌പോര്‍ട്‌സ് ട്രാന്‍സ്ഫര്‍ ടോക് പോഡ് കാസ്റ്റിനിടെ പറഞ്ഞു.
മെസിയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് ഓ മൈ ഗോളിന് നല്‍കിയ അഭിമുഖത്തിനിടെ നെയ്മര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
രണ്ട് കളിക്കാര്‍ക്കു പുറമെ 100 ദശലക്ഷം യൂറോ (775 കോടി രൂപ) എന്നതാണ് ബാഴ്‌സലോണ പി.എസ്.ജിക്കു മുന്നില്‍ വെച്ചിരിക്കുന്ന ഓഫറെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പണത്തിന് പുറമേ ഫിലിപ്പ് കുട്ടിന്യോ, ഉസ്മാന്‍ ഡെംബലെ, ഇവാന്‍ റാകിറ്റിച്ച്, നെല്‍സന്‍ സെമഡോ, മാല്‍ക്കം എന്നിവരില്‍ നിന്ന് ഇഷ്ടപ്പെട്ട രണ്ടു പേരെ എടുക്കാമെന്ന വാഗ്ദാനമാണ് ബാഴ്സ പി.എസ്.ജിക്കു മുന്നില്‍ വെക്കുന്നത്. അതേസമയം രണ്ടുവര്‍ഷം മുമ്പ് നെയ്മറിനു വേണ്ടി ചെലവഴിച്ച 222 ദശലക്ഷം യൂറോ തിരിച്ചുകിട്ടാതെ താരത്തെ വിട്ടുതരില്ലെന്നാണ് പി.എസ്.ജി നിലപാട്.