നാല് ഗോളും ചുവപ്പു കാര്‍ഡും, നായകനും വില്ലനുമായി കോസ്റ്റ
പത്തു ഗോള്‍ പിറന്ന മത്സരത്തിന്റെ 84ആം മിനുറ്റുവരെ 7-1 എന്ന നിലയില്‍ പിന്നിലായിരുന്നു റയല്‍ മാഡ്രിഡ്
ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡിനെ 3-7ന് നാണം കെടുത്തി അത്‌ലറ്റിക്കോ മാഡ്രിഡ്. നാല് ഗോള്‍ നേടിയ റയലിന്റെ വന്‍ തോല്‍വി ഉറപ്പിച്ചതില്‍ മുഖ്യ പങ്കുവഹിച്ച ഡിയേഗോ കോസ്റ്റ മത്സരത്തിന്റെ 65ആം മിനുറ്റു വരെ മാത്രമാണ് കളിച്ചത്.
പത്തു ഗോള്‍ പിറന്ന മത്സരത്തിന്റെ 84ആം മിനുറ്റുവരെ 7-1 എന്ന നിലയില്‍ പിന്നിലായിരുന്നു റയല്‍ മാഡ്രിഡ്. 85ആം മിനുറ്റില്‍ പെനല്‍റ്റിയിലൂടെ കരിം ബെന്‍സമയും 89ആം മിനുറ്റില്‍ സാവിയേ ഫെര്‍ണാണ്ടസും നേടിയ ഗോളുകളാണ് റയല്‍ മാഡ്രിഡിന്റെ തോല്‍വി ഭാരം കുറച്ചത്.
ആദ്യ മിനുറ്റില്‍ തന്നെ ഗോള്‍ നേടിക്കൊണ്ടായിരുന്നു ഡിയേഗോ കോസ്റ്റയും അത്‌ലറ്റിക്കോ മാഡ്രിഡും തുടങ്ങിയത്. എട്ടാം മിനുറ്റില്‍ ഫെലിക്‌സും 19ആം മിനുറ്റില്‍ ഏഞ്ചല്‍ കൊറിയയും അത്‌ലറ്റിക്കോക്കു വേണ്ടി ഗോളുകള്‍ നേടി. 28ആം മിനുറ്റിലും 44ആം മിനുറ്റില്‍ പെനല്‍റ്റിയിലൂടെയും ഗോള്‍ നേടിക്കൊണ്ട് കോസ്റ്റ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.
ഹാട്രിക്കോടെ നിര്‍ത്താതിരുന്ന കോസ്റ്റ പിന്നീട് 51ആം മിനുറ്റിലും റയല്‍ മാഡ്രിഡിനെതിരെ ഗോള്‍ നേടി. 59ആം മിനുറ്റില്‍ നാചോയിലൂടെയായിരുന്നു റയല്‍ മാഡ്രിഡിന്റെ ആദ്യ മറുപടി. 65ആം മിനുറ്റില്‍ കളിക്കളത്തിലുണ്ടായ കയ്യാങ്കളിയിലാണ് കോസ്റ്റക്ക് ചുവപ്പുകാര്‍ഡ് സമ്മാനിച്ചത്. ഫൗളിന് പിന്നാലെ റയല്‍മാഡ്രിഡിന്റെ ഡാനി കാര്‍വഹാലിനും കോസ്റ്റക്കും റഫറി ചുവപ്പു കാര്‍ഡ് കാണിച്ചു.
എഴുപതാം മിനുറ്റില്‍ പിന്നീട് വിറ്റാലോയിലൂടെ അത്‌ലറ്റികോ മാഡ്രിഡ് ലീഡ് 7-1ആക്കി ഉയര്‍ത്തി. പിന്നീട് അവസാന അഞ്ചു മിനുറ്റില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് റയല്‍ സ്‌കോര്‍ 3-7 ആക്കി മാറ്റി.